തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കുട്ടികളിൽ പോഷകാഹാരക്കുറവുള്ളവർക്ക് സർക്കാരിൻ്റെ പ്രത്യേക കരുതൽ വേണമെന്നിരിക്കെ കുട്ടികളെ പരിചരിക്കാൻ മാസത്തിലൊരിക്കൽ മാത്രമാണ് ഡയറ്റീഷൻ എത്തുന്നത്. സ്ഥിരമായി ഒരു ഡയറ്റീഷ്യൻ വേണമെന്ന ആവശ്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. ഇക്കാര്യമാവശ്യപ്പെട്ട് സൂപ്രണ്ട് നൽകിയ കത്തിൽ ഉടൻ ആരോഗ്യവകുപ്പ് തീരുമാനമെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.
തൈക്കാട് ശിശുക്ഷേമസമിതിയിലെ കേന്ദ്രത്തിലുള്ളത് 139 കുഞ്ഞുങ്ങളാണ്. ഇതിൽ 63 പേർക്കൊഴികെയുള്ളവർക്ക് പോഷകാഹാരക്കുറവുണ്ട്. നിലവിൽ തൈക്കാട് ആശുപത്രിയിൽ നിന്ന് മാസത്തിലൊരിക്കൽ ഡയറ്റീഷ്യനെത്തിയാണ് കുട്ടികൾക്കുള്ള ആഹാരക്രമം തീരുമാനിക്കുന്നത്. മുട്ട, പാൽ തുടങ്ങി ഓരോ കുട്ടികൾക്കും നൽകേണ്ട ആഹാരക്രമം ഈ ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനിക്കുന്നത്. കുട്ടികളുടെ ഭാരവും, ഉയരവും കണക്കാക്കിയാണ് പോഷകക്കുറവ് തീരുമാനിക്കുന്നത്. എന്നാൽ ഇത് കൊണ്ട് കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി തൈക്കാട് ആശുപത്രി സൂപ്രണ്ട്, കഴിഞ്ഞ മേയിൽ ഡിഎംഒയ്ക്ക് കത്ത് നൽകിയിരുന്നു. പോഷകാഹാരകുറവുള്ള കുട്ടികളെ വേർതിരിച്ച് പോഷകമൂല്യമുള്ള ആഹാരം നൽകണണെന്ന നിർദ്ദേശം ശിശുക്ഷേമസമിതി കൃത്യമായി നടപ്പാക്കിയിട്ടില്ലെന്നും കത്തിലുണ്ട്. മുഴുവൻ സമയ ഡയറ്റീഷ്യനെ ആവശ്യപ്പെട്ട് ശിശുക്ഷേമസമിതിയും ഡിഎംഒക്ക് കത്ത് നൽകിയിരുന്നു.
ഗർഭകാലത്തോ, ജനനത്തിന്റെ ആദ്യദിവസങ്ങളിലോ കാര്യമായ പരിചരണം കിട്ടാത്ത കുഞ്ഞുങ്ങളാണ് അമ്മത്തൊട്ടിലിലെത്തുന്നത്. അതിനാൽ പോഷകമൂല്യം കുറവായിരിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ കുഞ്ഞുങ്ങളുടെ പരിപാലനത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നാണ് ശിശുക്ഷേമസമിതിയുടെ വിശദീകരണം.
നിലവിൽ നാല് നഴ്‌സുമാർ കുഞ്ഞുങ്ങളെ പരിചരിക്കാൻ ശിശുക്ഷേമ സമിതിയിലുണ്ട്. അപ്പോഴും മുഴുവൻ സമയ ഡയറ്റീഷ്യന്റെ സേവനം അനിവാര്യമെന്ന് സമിതിയും സമ്മതിക്കുന്നു. നടപടിയേടുക്കേണ്ടത് ആരോഗ്യവകുപ്പാണ്.