KERALA

"സ്വന്തം അപ്പനെ കൊല്ലാൻ ശ്രമിച്ചെന്നു വരെ കേട്ടു, നിർഭാഗ്യവാനായ മകനാണ് ഞാൻ"; വികാരാധീനനായി ചാണ്ടി ഉമ്മൻ

തിരുവനന്തപുരത്തേക്കുള്ള തന്റെ യാത്ര ഒരു തരത്തിലുള്ള ശക്തിപ്രകടനമോ വെല്ലുവിളിയോ അല്ലെന്നും ചാണ്ടി ഉമ്മൻ

Author : ന്യൂസ് ഡെസ്ക്

കോട്ടയം: മന്ത്രിസ്ഥാനത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ച് തന്നെ പാർട്ടി വിരുദ്ധനാക്കി മാറ്റരുതെന്ന അഭ്യർഥനയുമായി പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. കഴിഞ്ഞ നാല് ദിവസമായി താൻ അനുഭവിക്കുന്ന മാനസിക വിഷമങ്ങളുടെ പരമാവതിയിലാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി പുതുപ്പള്ളിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാനായാണ് അ​ദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്ര നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽ വൻ സ്വീകരണമാണ് പ്രവർത്തകർ ചാണ്ടി ഉമ്മന് ഒരുക്കിയത്.

മന്ത്രി സ്ഥാനത്തേക്ക് പേര് വലിച്ചിഴച്ച് അപമാനിച്ചത് മാധ്യമങ്ങളാണ്. 26 വർഷമായി കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നും യാതൊരുവിധ സ്ഥാനമാനങ്ങളും വഹിക്കാതെയാണ് പാർട്ടിയെ സേവിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാർട്ടിക്കെതിരായി പ്രവർത്തിക്കുന്നതിനെക്കുറിച്ച് ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. സ്വന്തം പിതാവിനെ കൊല്ലാൻ ശ്രമിച്ച മകനാണെന്ന തരത്തിലുള്ള ക്രൂരമായ ആക്ഷേപങ്ങൾ വരെ തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും ഇനി അങ്ങനെയുള്ള കേൾവികൾക്ക് ഇടവരുത്തരുതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തേക്കുള്ള തന്റെ യാത്ര ഒരു തരത്തിലുള്ള ശക്തിപ്രകടനമോ വെല്ലുവിളിയോ അല്ല. യാത്രാമധ്യേ തനിക്കായി ആരും അനൗൺസ്മെന്റുകളോ പബ്ലിസിറ്റിയോ നൽകരുത്. പലയിടങ്ങളിലും ഉയർന്നുവന്ന ഫ്ലെക്സ് ബോർഡുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അണികൾ ആവേശത്തോടെ കൂടെ നിൽക്കുകയാണെങ്കിൽ താൻ വണ്ടിയിൽ നിന്ന് പുറത്തിറങ്ങില്ലെന്നും, കൈ തന്ന് യാത്രയാകാൻ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT