പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വീണ്ടും കടന്നാക്രമിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വി.ഡി. സതീശനെ എന്തിനിത്ര ഉയർത്തി കാട്ടുന്നു എന്നാണ് സുകുമാരൻ നായരുടെ ചോദ്യം. അങ്ങനെ ആളാകാൻ നോക്കണ്ടെന്നും, തെരഞ്ഞെടുപ്പിൽ സമദൂര നിലപാടിൽ മാറ്റമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസ്-എസ്എൻഡിപി ഐക്യം സിപിഐഎമ്മിന് വേണ്ടിയാണെന്ന വിമർശനങ്ങൾ തെറ്റാണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. എൻഎസ്എസ്-എസ്എൻഡിപി ഐക്യം എന്നത് യഥാർഥ്യമാകും. തുറന്ന സമീപനം ആയിരിക്കും. തുഷാർ വെള്ളാപ്പള്ളി വരുമ്പോൾ ഒരു മകനെ പോലെ സ്വീകരിക്കും. രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അല്ല, എസ്എൻഡിപി പ്രതിനിധി എന്ന നിലയിലാണ് തുഷാറിനെ കാണുന്നത്. വെള്ളാപ്പള്ളി നടേശനോട് സ്നേഹത്തോടെ നന്ദി പറയുന്നെന്നും സുകുമാരൻ നായർ പറഞ്ഞു.
ഹിന്ദുക്കൾക്കിടിയിൽ യോജിപ്പില്ലാത്തതുകൊണ്ട് വെല്ലുവിളി നേരിടുന്നെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തും നിന്നും യോജിപ്പില്ലാത്തതുകൊണ്ട് ഭീഷണി നേരിടുന്നു. എല്ലാവരും സൗഹാർദത്തോടെ പോകണം എന്നാണ് എൻഎസ്എസിന്റെ ആഗ്രഹം. ആര് ഭരിക്കാൻ വന്നാലും പ്രത്യേകിച്ച് ഒന്നും വാങ്ങാൻ ആരുടേയും പടിക്കൽ പോകില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.