വെള്ളാപ്പള്ളി നടേശൻ Source: News Malayalam 24x7
KERALA

"ശബരിമല വിഷയത്തിൽ കോൺഗ്രസിന് നിലപാട് ഇല്ല, എൻഎസ്എസ് പറഞ്ഞത് ശരി"; ജി. സുകുമാരൻ നായരെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസിൻ്റെത് വിഷയാധിഷ്ഠിത നിലപാടാണ് എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് നിലപാടിനെ പിന്തുണച്ച് എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജി. സുകുമാരൻ നായർ പറഞ്ഞത് ശരിയാണെന്നും, ശബരിമല വിഷയത്തിൽ കോൺഗ്രസിന് നിലപാട് ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എൻഎസ്എസിന് അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. എന്നാൽ വിഷയത്തിനനുസരിച്ച് അനുസരിച്ച് നിലപാടുകൾ മാറുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എൻഎസ്എസിൻ്റെത് വിഷയാധിഷ്ഠിത നിലപാടാണ്. അവർക്ക് സർക്കാരിനെ എതിക്കേണ്ട കാര്യമില്ല. സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് ആചാരത്തിന് എതിരായപ്പോൾ എൻഎസ്എസ് അതിനെ എതിർത്തു. സർക്കാർ അതിൽ നിന്ന് പിൻവാങ്ങിയതോടെ നിലപാട് മയപ്പെട്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വിശ്വാസികൾക്കൊപ്പം ആണ് സർക്കാർ നിലപാട്. അത് എൻഎസ്എസിന് ബോധ്യപ്പെട്ടിട്ടുണ്ട്. എൻഎസ്എസും സർക്കാരുമായി നിരന്തരം കലഹം ഉണ്ടായിട്ടില്ല. അവർ പറയുന്നത് സർക്കാർ പരിഗണിച്ചിട്ടുണ്ട്. അവർ സർക്കാർ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി ആളെ കൂട്ടുക എന്ന കാര്യം നിസാര കാര്യമാണ്. ചുരുങ്ങിയ സമയത്തിൽ അവർക്ക് ആളെ എത്തിക്കാൻ കഴിയും. പമ്പയിൽ എത്തിചേരാൻ പ്രയാസമുള്ള സ്ഥലത്താണ് പരിപാടി സംഘടിപ്പിച്ചത്. ചർച്ചകൾ ഉടൻ തന്നെ ആരംഭിച്ചതും ആൾ കുറയാൻ കാരണമായി. അടുത്ത സംഗമം മാറ്റും എന്നത് സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സാമുദായിക സംഘടനകൾക്ക് അവരുടേതായ നിലപാടുകൾ സ്വീകരിക്കാൻ അവകാശമുണ്ടെന്നായിരുന്നു എൻഎസ്എസ് നിലപാട് വ്യക്തമാക്കിയതിൽ കെ. മുരളീധരൻ പ്രതികരിച്ചത്. ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചതിന്റെ കാരണം യുഡിഎഫ് നേരത്തെ വ്യക്തമാക്കിയതാണ് എന്നും, കോൺഗ്രസിന് ന്യൂനപക്ഷം എന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലെന്നും മുരളീധരൻ പറഞ്ഞു. ജി. സുകുമാരൻ നായരുമായി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

SCROLL FOR NEXT