KERALA

ഐക്യം ഉണ്ടാകുമോ? വെള്ളാപ്പള്ളി-സുകുമാരൻ നായർ കൂടിക്കാഴ്ച ഉടൻ

ഇന്ന് പതിനൊന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചിട്ടുണ്ട്

Author : ലിൻ്റു ഗീത

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഎസ്എസ്- എസ്എൻഡിപി നിർണായക ഐക്യ നീക്കം. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ജി. സുകുമാരൻ നായർ കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നാണ് വിവരം. നായാടി മുതൽ നസ്രാണി വരെ ഒരുമിച്ചെന്ന മുദ്രാവാക്യമുയർത്തി ക്രൈസ്തവ സംഘടനകളേയും ഒപ്പം നിർത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. ഇന്ന് പതിനൊന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചിട്ടുണ്ട്.

എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് യുഡിഎഫാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. എൻഎസ്എസുമായി കൊമ്പ് കോർക്കാൻ ഇല്ല. സംഘടനയുമായി സമരസപ്പെടും. നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കേണ്ട കാലമാണിത്. ക്രിസ്ത്യാനികൾ ഭയത്തോടെയാണ് ജീവിക്കുന്നത്. ക്രൈസ്തവ മത നേതൃത്വത്തിൻ്റ പിന്തുണ നേടാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വെള്ളാപ്പള്ളി നടേശൻ രൂക്ഷമായി വിമർശിച്ചു. വി.ഡി. സതീശൻ ഈഴവ വിരോധിയാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. പിന്നോക്കക്കാരനായ താൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിതാണ് വി.ഡി. സതീശൻ്റെ പ്രശ്നമെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. വർഗീയ വാദികൾക്ക് കുടപിടിച്ച്, ആ തണലിൽ നിൽക്കുന്നയാളാണ് വി.ഡി. സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമാണ് പ്രതിപക്ഷ നേതാവിൻ്റേതെന്നും വെള്ളാപ്പള്ളി വിമശിച്ചിരുന്നു.

SCROLL FOR NEXT