Source: News Malayalam 24x7
KERALA

നഴ്‌സുമാരുടെ ശമ്പളം കൂട്ടും! അടിസ്ഥാന ശമ്പളം 28,000 രൂപയാക്കാൻ സർക്കാർ; അംഗീകരിക്കാതെ യുഎന്‍എ

800 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കാനും തീരുമാനം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനം. 800 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കാനും തീരുമാനം. നഴ്സുമാർക്ക് പ്രത്യേക അലവൻസും പ്രഖ്യാപിക്കും. സ്വകാര്യ ആശുപത്രികളിൽ എല്ലാ ജീവനക്കാർക്കും ശമ്പള വർധനവ് ഉണ്ടാകും.

അതേസമയം, സർക്കാർ തീരുമാനം അംഗീകരിക്കാൻ യുണൈറ്റഡ് നഴ്സ് അസോസിയേഷൻ (യുഎൻഎ) തയ്യാറായിട്ടില്ല. നാളെ കോഴിക്കോട് വച്ച് ചേരുന്ന അടിയന്തര യോഗത്തിൽ തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് യുഎൻഎ അറിയിച്ചു. തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ച് നടത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കുമെന്നും യുഎൻഎ അറിയിച്ചു. ഇപ്പോഴും 40,000 തന്നെ അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യമാണ് അവർ ഉന്നയിക്കുന്നത്. കോഴിക്കോട് നടക്കുന്ന യോഗത്തിലായിരിക്കും മുൻപെ പ്രഖ്യാപിച്ച തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ലോംഗ് മാർച്ച് നടത്തണോ വേണ്ടയോ എന്നതിൽ തീരുമാനമാകുക. നേരത്തെയും സമാന വിജ്ഞാപനം ഉണ്ടായിരുന്നു, സംഘടന അത് അംഗീകരിച്ചിരുന്നില്ല.

വലിയ രീതിയിലുള്ള സമരമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നഴ്സുമാർ സെക്രട്ടറിയേറ്റിനും മാനവീയത്തുമുൾപ്പെടെ യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിയത്. തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നാണ് ആവശ്യം.

ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, ഡോ. ബൽറാം കമ്മിറ്റി റിപ്പോർട്ട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് എന്നിവ പൂർണമായും നടപ്പിലാക്കുക, വീരകുമാർ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, നഴ്‌സിങ് അധ്യാപകർക്ക് യുജിസി സ്കെയിൽ ‌‌നടപ്പിലാക്കുക, എൻഎച്ച്എം, പാലിയേറ്റീവ് കെയർ, എംഎൽഎസ്പി, എച്ച്ഡിഎസ് ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യവേതനം എന്ന രീതിയിൽ നടപ്പിലാക്കുക, രോഗി-നഴ്സ് അനുപാതം നിയമാനുസൃതമായി നടപ്പിലാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, പിഎസ്സി വഴി സ്ഥിര നിയമനങ്ങൾ നടപ്പിലാക്കുക, സ്റ്റാഫ് ‌നഴ്‌സ് റാങ്ക് ഹോൾഡേഴ്‌സിനെ സംരക്ഷിക്കുക എന്നിവയാണ് യുഎൻഎയുടെ മറ്റ് ആവശ്യങ്ങൾ.

SCROLL FOR NEXT