കേരളാ ലോട്ടറി, തിരുവോണം ബംബർ Source; Social Media
KERALA

നാളെ നടത്താനിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു

ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചതെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 4 ലേക്ക് മാറ്റിവച്ചു. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചതെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ നറുക്കെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.

25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ചുലക്ഷം രൂപവിതം 10 പരമ്പരകള്‍ക്ക്, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. ഇവ കൂടാതെ 5000, 2000, 1000. 500 രൂപയുടെ സമ്മാനങ്ങളും ലഭിക്കും.

75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അടിച്ചത്. അതില്‍ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിച്ചു. 14.07 ലക്ഷം ടിക്കറ്റുകള്‍ വിറ്റ പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. തൃശൂരില്‍ 9.3 ലക്ഷം, തിരുവനന്തപുരം 8.75 ലക്ഷം, എന്നിങ്ങനെയാണ് വില്‍പ്പന കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 71.40 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

അതീവ സുരക്ഷാ സംവിധാനമുള്ള ടിക്കറ്റുകളായതിനാല്‍ അവ കേടുപാടുകളില്ലാതെ സൂക്ഷിക്കണമെന്ന് നിര്‍ദേശമുണ്ട്. ഭാഗ്യശാലിയെ തെരഞ്ഞെടുത്താലും സമ്മാനത്തുക ലഭിക്കാന്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതു മാത്രമല്ല ആവശ്യമായ തിരിച്ചറിയല്‍ രേഖകളും കയ്യില്‍ കരുതണം. 'ബാങ്ക് അക്കൗണ്ട് രേഖകള്‍, ആധാര്‍, പാന്‍കാര്‍ഡ്, ലൈസന്‍സ് എന്നിവ മാത്രം മതിയാകും. അതിനുശേഷമുള്ള നടപടികള്‍ ബാങ്കുകള്‍ തന്നെ പൂര്‍ത്തിയാക്കിത്തരുന്നതാണ്.

SCROLL FOR NEXT