Source: Metro Rail News
KERALA

ഓണയാത്ര കഠിനമാകില്ല; വിപുലമായ സൗകര്യങ്ങളൊരുക്കി ഇന്ത്യൻ റെയിൽവേ, ഇക്കുറി 92 സ്പെഷ്യൽ ട്രെയിനുകൾ

പത്ത് പ്രധാന ട്രെയിനുകളിൽ അധിക കോച്ചും അനുവദിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഇക്കുറി ഓണയാത്ര കഠിനമാകില്ല. ഈ ഓണത്തിന് യാത്രക്കാരുടെ സൗകര്യപ്രദമായ യാത്രയ്ക്കായി റെയിൽവേ വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ കാലയളവിൽ 92 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. അതോടൊപ്പം, പത്ത് പ്രധാന ട്രെയിനുകളിൽ അധിക കോച്ചും അനുവദിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ആറ്, മംഗളൂരുവിൽ നിന്ന് 22, ബെംഗളൂരുവിൽ നിന്ന് 18, വേളാങ്കണ്ണിയിൽ നിന്ന് പത്ത്, പട്നയിൽ നിന്ന് 36 എന്നിങ്ങനെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ.

അതോടൊപ്പം, പത്ത് പ്രധാന ട്രെയിനുകളിൽ അധിക കോച്ചും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം – കോഴിക്കോട് – തിരുവനന്തപുരം ജൻശതാബ്ദി എക്‌സ്പ്രസിൽ (12076/12075) ഒരു ചെയർ കാർ അധികമായി ഉൾപ്പെടുത്തി. തിരുവനന്തപുരം – എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് (16304/16303), തിരുവനന്തപുരം – ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ് (16342/16341), തിരുവനന്തപുരം – മദുരൈ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16343/16344) എന്നിവയിൽ ഒരു ജനറൽ സെക്കന്റ് ക്ലാസ് കോച്ച് കൂടി ചേർത്തു. മംഗളൂരു – തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസിൽ (16603/16604) ഒരു അധിക സ്ലീപ്പർ കോച്ച് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓണകാലത്ത് പരമാവധി യാത്രക്കാർക്ക് സൗകര്യപ്രധമായ യാത്ര ഉറപ്പുവരുത്തുന്നതിനായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

SCROLL FOR NEXT