എറണാകുളം: 40 വർഷത്തോളമായി ഏലൂർ ടൗൺ ഹാളിലെ 26 കുടുംബങ്ങൾ ദുരിതത്തിലാണ്. സ്വന്തമായി ശൗചാലയമില്ലാത്തതും വൃത്തിഹീനമായ ജീവിതാന്തരീക്ഷവുമാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്. കാലങ്ങളായി സർക്കാർ ഇവരെ അവഗണിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ കൂലിപ്പണി എടുത്ത് ജീവിക്കുന്ന കുറച്ച് ജീവിതങ്ങളുണ്ട് ഏലൂരിൽ. പഞ്ചായത്ത് കോളനിയിലെ 26ഓളം കുടുംബങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിത ജീവിതം നയിക്കുന്നത്. ഷീറ്റ് മേഞ്ഞ വീടുകൾക്ക് പിന്നാമ്പുറത്ത് പുഞ്ചപ്പാടമാണ്. മഴക്കാലമായാൽ ഇവരുടെ ദുരിതം ഇരട്ടിയാകും. മുതിർന്നവരും കുട്ടികളുമടക്കം 130 ഓളം പേരുടെ ആവിശ്യങ്ങൾക്കുള്ള ഏക ആശ്രയം സമീപത്തെ പൊതുശൗചാലയമാണ്. പൊട്ടി തകർന്ന പൈപ്പുകളും, അഴുക്കുചാലുകളും ആണ് അവിടുത്തെ അവസ്ഥ.
മുത്തുവാണ് വർഷങ്ങളായി പൊതുശൗചാലയത്തിന്റെ കാവൽക്കാരി. അധികാരികളുടെ അവഗണന തുടരുന്നതിനാൽ ആവശ്യങ്ങൾ പറഞ്ഞു പോകാറില്ലെന്ന് മുത്തു പറയുന്നു. സ്വന്തമായി ആധാർ കാർഡും റേഷൻ കാർഡും ഉള്ളവരാണ്. വർഷാവർഷം കൃത്യമായി വോട്ടും രേഖപ്പെടുത്താറുണ്ട്. കാലങ്ങളായി പഞ്ചായത്ത് കോളനിയിൽ താമസിക്കുന്നു എന്നല്ലാതെ ആരുടെയും വീടിന് ആധാരമോ പട്ടയമോ ഇല്ല.