കൊച്ചി: കോർപ്പറേറ്റ് കമ്പനിയിലെ അമിത ജോലി സമ്മർദം അന്ന സെബാസ്റ്റ്യൻ്റെ ജീവനെടുത്തിട്ട് ഒരു വർഷം. ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റ്യൻ കഴിഞ്ഞ ജൂലൈ 20നാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ദേശീയ തലത്തിലടക്കം അന്നയുടെ മരണം ചർച്ചയാവുകയും കേന്ദ്രസർക്കാർ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ആരോപണ വിധേയർക്കെതിരെ ഇനിയും ഒരു നടപടിയുമുണ്ടായില്ല.
സ്വപ്നം കണ്ടൊരു കരിയറിലേക്ക് ചെറിയ പ്രായത്തിൽ തന്നെ ഓടിക്കയറാനായതിൻ്റെ സന്തോഷവും ആകാംക്ഷയുമായിരുന്നു ജോലി ലഭിച്ച ആദ്യ ദിവസങ്ങളിൽ അന്ന സെബാസ്റ്റ്യന്. ഓരോ ദിവസം കഴിയും തോറും തുടക്കക്കാരിക്ക് താങ്ങാൻ കഴിയാത്ത വിധം ജോലി ഭാരം കമ്പനി അവളിലേക്ക് അടിച്ചേൽപ്പിച്ചു. ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ പുനെ ക്യാംപസിലെ ജോലി ഭാരത്തെക്കുറിച്ച് മാതാപിതാക്കളോട് അന്ന സൂചിപ്പിച്ചിരുന്നു. മടങ്ങി വരാൻ മാതാപിതാക്കൾ നിർബന്ധിച്ചുവെങ്കിലും ആദ്യ ജോലിയായതിനാൽ മാനേജരുടെ അധിക സമ്മർദങ്ങൾക്കിടയിലും അന്ന മുന്നോട്ട് പോയി.
മരിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിലും അന്നക്ക് നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് പറഞ്ഞ ഡോക്ടർമാർ വിശ്രമം വേണമെന്ന് കർശന നിർദേശവും നൽകി. എന്നാൽ, അമിത ജോലിഭാരത്തിൽ നിന്ന് ഒരു ഇളവും കമ്പനി നൽകിയില്ല. ഒടുവിൽ ജോലിക്ക് കയറി നാല് മാസം തികയും മുമ്പ് അന്നയുടെ ജീവൻ നഷ്ടമായി. പൂനെയിലെ താമസസ്ഥലത്ത് കുഴഞ്ഞ് വീണായിരുന്നു മരണം. 27കാരിയായ അന്നയുടെ മരണകാരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. മരണശേഷം കുടുംബത്തിൻ്റെ പരാതി ശ്രദ്ധയിൽ പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടു. കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പക്ഷേ ആശാവഹമായി ഒന്നും സംഭവിച്ചില്ല.
കുടുംബം ആരോപണം ഉന്നയിച്ച മേലുദ്യോഗസ്ഥർ ഇപ്പോഴും കമ്പനിയിൽ തുടരുന്നു. പുനെയിൽ നടന്ന അന്നയുടെ സിഎ ബിരുദദാനച്ചടങ്ങിൽ പോലും കൃത്യ സമയത്ത് എത്താൻ കഴിയാത്ത വിധമുള്ള ജോലി ഭാരമാണ് അന്നയുടെ മേൽ കമ്പനി അടിച്ചേൽപ്പിച്ചിരുന്നതെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. കോർപ്പറേറ്റ് മേഖലയിലെ അമിത ജോലി ഭാരവും അനാവശ്യ സമ്മർദങ്ങളും നിയന്ത്രിക്കാൻ അന്നയുടെ മരണത്തോടെ സർക്കാർ തലത്തിൽ ഇടപെടലുണ്ടാകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ അത്തരത്തിൽ പ്രതീക്ഷ നൽകുന്ന ഒരു ഇടപെടലും തുടർന്ന് എവിടെ നിന്നും ഉണ്ടായില്ല.