കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ നടക്കുന്നത് വ്യാപക തട്ടിപ്പ്. എഐയുടെ സഹായത്തോടെ ട്രേഡ് ചെയ്യാം, മാസം പ്രതീക്ഷിക്കുന്നതിനപ്പുറം പണം കയ്യില്‍ വരും. എന്നിങ്ങനെയുള്ള വാഗ്ദാനവുമായാണ് തട്ടിപ്പുക്കാര്‍ സമീപിക്കുന്നത്. പിന്നിലുള്ളത് ചതിയുടെ വലിയ പിന്നാമ്പുറങ്ങളാണ്.
വിദേശത്ത് ആസ്ഥാനം ഉണ്ടെന്ന് പറയുന്ന പേപ്പര്‍ കമ്പനികള്‍ വിശ്വാസം പിടിച്ചെടുക്കാന്‍ ചിത്രങ്ങള്‍ നല്‍കും. പണം ലഭിച്ചവരുടെ കഥകള്‍ പറയും. അങ്ങനെ എല്ലാ കമ്പനികള്‍ക്കും ഒരേ സ്വഭാവം. ആദ്യം ചെറിയ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ കൃത്യമായി തിരികെ പണം ലഭിച്ചു തുടങ്ങും ഇതോടെ കമ്പനിയില്‍ വിശ്വാസം ആകും. ഇങ്ങനെയാണ് തട്ടിപ്പിന്റെ തുടക്കം.
പൂര്‍ണ്ണമായി വിശ്വാസം പിടിച്ചുപറ്റുന്നത്തോടെ ബന്ധുക്കളുടെയും പരിചയക്കാരെയും ഒക്കെ ചേര്‍ക്കും. വലിയ നിക്ഷേപം നടത്തും. പിന്നെ സംഭവിക്കുന്നത് ഒരേ കാര്യങ്ങള്‍. ഒരു കോടിയോളം രൂപ ബന്ധുക്കളുടെ കയ്യില്‍ നിന്നും ശേഖരിച്ച് നിക്ഷേപം നടത്തിയ 27 കാരനായ യുവാവ് ന്യൂസ് മലയാളത്തോട് നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ.
'തുടക്കത്തില്‍ ചെറിയ തുകയിലായിരിക്കും തുടങ്ങുക. അതിന് അവര്‍ പണം തിരികെ നല്‍കും. പിന്നെ പിന്നെ വലിയ തുക ഇടാന്‍ തുടങ്ങും. ഇതൊരു ചെയിന്‍ ആണ്. വലിയ തുക ഇട്ടു തുടങ്ങുമ്പോള്‍ ഇവര്‍ പറയും, ട്രേഡിങ്ങ് കുറച്ചു മോശമാണ്, പണം കുറഞ്ഞു പോയി, കുറച്ചു ദിവസം കാത്തിരിക്കണം എന്നൊക്കെ. പിന്നെ ഇവരെ വിളിച്ചാല്‍ കിട്ടില്ല. 20 ലക്ഷത്തോളം രൂപ എന്റെ കയ്യില്‍ നിന്ന് പോയിട്ടുണ്ട്. എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ഇട്ട ഒരു കോടി രൂപയോളം പോയിട്ടുണ്ട്,' തട്ടിപ്പിനിരയായ യുവാവ് പറഞ്ഞു.
ആദ്യം കാണിച്ചു തരുന്ന ഫോട്ടോ വേറെ ഏതെങ്കിലും കെട്ടിടത്തിന് മുന്നില്‍ ബോര്‍ഡ് വച്ചിട്ടുള്ള ഫോട്ടോ ആയിരിക്കും. ഇത് ചിലപ്പോള്‍ വേറെ ഏതെങ്കിലും കെട്ടിടമായിരിക്കുമെന്നും യുവാവ് പറഞ്ഞു.
ഏറ്റവും പുതിയ തട്ടിപ്പ് എ ഐ ട്രേഡിങ്ങിന്റെ പേരിലാണ്. എ ഐ ഉപയോഗിച്ച് ട്രേഡ് ചെയ്ത ലക്ഷങ്ങള്‍ സമ്പാദിച്ചു തരാമെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ വാട്‌സപ്പ് മുഖേനയും ടെലഗ്രാം മുഖേനയും ബന്ധപ്പെടും. സംസ്ഥാനത്തുടനീളം ഈ തട്ടിപ്പിന് മലയാളികള്‍ ഇരയായിക്കൊണ്ടിരിക്കുന്നു. കേരള പൊലീസിന്റെയും സൈബര്‍ വിങ്ങിന്റെയും ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുസംഘങ്ങളുടെ പ്രലോഭനങ്ങളില്‍ കുടുങ്ങി മൂന്നുവര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് 1694 കോടി രൂപയാണ്. ഇതുവരെ 20,000-ത്തോളം പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്.