കോഴിക്കോട്: മന്ത്രിമാരെ നിശ്ചയിക്കുന്നതിലെ മുസ്ലീം ലീഗ് ചർച്ചയിൽ സമസ്തയ്ക്ക് അതൃപ്തി. ലീഗിന്റെ മന്ത്രിമാരിൽ കൂടുതലും മുജാഹിദ് വിഭാഗമെന്ന് സമസ്ത. മന്ത്രിസ്ഥാനം ഉറപ്പായ മൂന്നിൽ രണ്ട് പേരും മുജാഹിദ് വിഭാഗത്തിൽ നിന്നാണ്. പി.കെ. കുഞ്ഞാലിക്കുട്ടി മാത്രമാണ് സുന്നി വിഭാഗത്തിൽപ്പെട്ടതെന്നും സമസ്ത ചൂണ്ടിക്കാട്ടി.
ഇപ്പോൾ മന്ത്രിസ്ഥാനം ഉറപ്പായവരിൽ പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. എം. ഷംസുദ്ദീൻ, കെ.എം. ഷാജി എന്നിവരിൽ കുഞ്ഞാലിക്കുട്ടി ഒഴികെ മറ്റ് രണ്ട് പേരും മുജാഹിദ് വിഭാഗമാണ് എന്നതാണ് സമസ്ത ചൂണ്ടിക്കാട്ടുന്നത്. സമസ്ത എ.പി, ഇ.കെ വിഭാഗങ്ങൾ ഇതുസംബന്ധിച്ച് അതൃപ്തി നേതാക്കളെ അറിയിച്ചിട്ടുണ്ട്. സാധാരണ ഇതിൽ മിതത്വം പാലിക്കാറുണ്ടെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്.
അതേസമയം, മുസ്ലീം ലീഗിൻ്റെ അഞ്ചാം മന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അഞ്ചാം മന്ത്രിയിൽ പുനരാലോചന വേണമെന്ന് ലീഗിനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. തീരുമാനമെടുക്കാൻ ലീഗ് നേതൃയോഗം ചേരുന്നുണ്ട്. അഞ്ച് മന്ത്രിമാരുണ്ടാകും എന്ന് തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു ഇന്നലെ ലീഗിൻ്റെ നേതൃയോഗം നടന്നത്. ആരൊക്കെ മന്ത്രിസ്ഥാനത്തേക്ക് എത്തണമെന്നതിൽ ഏകദേശ ധാരണ ലീഗിൽ രൂപപ്പെട്ടിരുന്നു.