കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ അമിത് ചക്കാലക്കലിൽ നിന്ന് പിടിച്ചെടുത്ത വാഹനങ്ങളിൽ അടിമുടി ദുരൂഹതയെന്ന് കസ്റ്റംസ് കണ്ടെത്തി. നടനെ വീണ്ടും ചോദ്യം ചെയ്യും. ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ഫസ്റ്റ് ഓണർ കാറിന്റെ ഉടമയെ കണ്ടെത്തി. ഫസ്റ്റ് ഓണർ വാഹനം മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടേതെന്ന് കണ്ടെത്തി. മാഹിൻ അൻസാരിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് സമൻസ് നൽകി. രണ്ടാഴ്ച മുമ്പാണ് മാഹിൻ ലാൻഡ് ക്രൂയിസർ കുണ്ടന്നൂരിലെ വർക്ക് ഷോപ്പിലേക്ക് എത്തിച്ചത്. കാറിൻ്റെ നിറം മാറ്റി കറുപ്പ് ആക്കണം എന്നായിരുന്നു ആവശ്യം. കാർ കേരള രജിസ്ട്രേഷനിലേക്ക് മാറ്റാനായിരുന്നു ഇവരുടെ നീക്കം. കസ്റ്റംസിന്റെ പരിശോധന സംബന്ധിച്ച് സൂചന ലഭിച്ചതിനാലാണ് ഇതെന്നും കണ്ടെത്തൽ.
ഭൂട്ടാൻ വാഹനക്കടത്തിൽ പിടിമുറുക്കിയിരിക്കുകയാണ് ഇഡി. തട്ടിപ്പിൻ്റെ മറവിൽ കള്ളപണ ഇടപാട് നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ. ഇസിഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനാണ് നീക്കം. പല വാഹനങ്ങളുടെയും എൻജിൻ നമ്പറിൽ വരെ കൃത്രിമത്വമെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.