തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചു എന്നാണ് വിമർശനം. ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ പിതാവിനെ കാണാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് ആരോപണം.
അടിയന്തര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കേണ്ട സർക്കാർ ഹെലികോപ്റ്റർ ആണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും, എം.ബി. രാജേഷും ഫേസ്ബുക്കിലൂടെ രംഗത്തെത്തി.
മുഖ്യമന്ത്രി രണ്ടുതവണ വ്യക്തപരമായ ആവശ്യത്തിനായി ഹെലികോപ്റ്ററിൽ യാത്ര ചെയ്തുവെന്നാണ് മുൻമന്ത്രി എം.ബി. രാജേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യൂ-ടേൺ അടിച്ചു എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
അതേസമയം മുഖ്യമന്ത്രിയെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും. ആരും വിമർശിച്ചിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.