പിണറായി വിജയൻ Source: FB
KERALA

"പിഎം ശ്രീയെ അംഗീകരിക്കുന്നത് കോൺഗ്രസിൻ്റെ പൊതുനിലപാട്, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പദ്ധതിയുടെ ഭാഗം"; സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്

എൽഡിഎഫ് സർക്കാർ എംഒയുവിൽ ഒപ്പിട്ടത് കുടിശിക തുക കിട്ടാൻ മാത്രമാണ്, ഒരു തുടർ നടപടിയും എടുത്തില്ലെന്നും പിണറായി വിജയൻ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കുന്നതിൽ സർക്കാർ വെട്ടിലായതോടെ ആക്രമണം കടുപ്പിച്ച് എൽഡിഎഫ്. കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിൽ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. എൽഡിഎഫ് സർക്കാർ എംഒയുവിൽ ഒപ്പിട്ടത് കുടിശിക തുക കിട്ടാൻ മാത്രമാണ്, ഒരു തുടർ നടപടിയും എടുത്തില്ല. മരവിപ്പിച്ചു എന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തെന്ന് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പിഎം ശ്രീയിൽ സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പിഎം ശ്രീയിൽ വലിയ വിവാദം ഉയർത്താൻ കോൺഗ്രസും ലീഗും ശ്രമിച്ചു. എൽഡിഎഫ് സർക്കാർ ബിജെപിയുമായി ഉണ്ടാക്കിയ ഡീലിൻ്റെ ഭാഗമാണ് പദ്ധതിയെന്ന് പ്രചരിപ്പിച്ചു. തങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ നടപ്പാക്കില്ലെന്നും ചിലർ അറബിക്കടലിൽ ഒഴുക്കുമെന്നും പറഞ്ഞു. എന്നാൽ, ഇപ്പോൾ സ്ഥിതി എല്ലാവരും കണ്ടുവെന്ന് പിണറായി വിജയൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന് മുന്നിൽ സംസ്ഥാനം കീഴടങ്ങാൻ തീരുമാനിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നതിന് യുഡിഎഫ് ഉത്തരം പറയണമെന്ന് പിണറായി വിജയൻ പറഞ്ഞു. പഴയ സർക്കാർ ഒപ്പുവച്ചതു കൊണ്ട് പിന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ന്യായീകരണം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പദ്ധതിയുടെ ഭാഗമാണ്. ഒരു കോൺഗ്രസ് സർക്കാരും വിയോജിപ്പ് അറിയിച്ചില്ല. പിഎം ശ്രീയെ അംഗീകരിക്കുന്നതാണ് കോൺഗ്രസിൻ്റെ പൊതു നിലപാടെന്നും പിണറായി വിജയൻ പറഞ്ഞു.

കഴിഞ്ഞ സർക്കാർ പിഎം ശ്രീയിൽ ഒപ്പിടാത്തതിനാൽ എസ്എസ്കെ ഫണ്ട് തടഞ്ഞു വച്ചിരുന്നുവെന്നും വിദ്യാഭ്യാസ മേഖലയിൽ പണം ചെലവഴിക്കാൻ തടസം നേരിട്ടിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഒരു നടപടിയും തുടർന്ന് എടുത്തില്ല. ഒരുമാസത്തിനകം ധാരണാപത്രം മരവിപ്പിക്കുന്ന നിലപാട് എടുത്തു. ധാരണാപത്രം ഒപ്പിട്ടത് കൊണ്ടുമാത്രം പദ്ധതി നടപ്പാകില്ല. പണം ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാ വിരുദ്ധമാണ്. ധാരണാപത്രം ഒപ്പിട്ട ശേഷം ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പുതിയ സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകാൻ നയപരമായി തീരുമാനിച്ചാൽ മാത്രമേ പദ്ധതി നടപ്പാകൂ. തീരുമാനമെടുക്കാൻ യുഡിഎഫിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വ്യക്തമാക്കണം. കേന്ദ്ര സർക്കാർ പ്രത്യേക അറിയിപ്പ് സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു.

യോഗാ ദിനത്തെ കുറിച്ച് ആലോചിക്കാൻ ഗവർണറുടെ യോഗം

അന്താരാഷ്ട്ര യോഗദിനത്തിനെക്കുറിച്ച് ആലോചിക്കാൻ ഗവർണർ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്. ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പിണറായി ആരോപിച്ചു. ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്ന കാഴ്ചയാണിത്. എന്ത് അടിസ്ഥാനത്തിലാണ് ഗവർണർ ഭരണകാര്യങ്ങളിൽ ഇടപെടുന്നതെന്നും പിണറായി ചോദിച്ചു. കിട്ടിയ അവസരം ഗവർണർ ശരിയായി ഉപയോഗിക്കുന്നുവെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടി കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

പകർച്ചവ്യാധികളുടെ വർധനവ്

സംസ്ഥാനത്ത് പൊതുജനാരോഗ്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പകർച്ചവ്യാധികൾ വലിയ തോതിൽ കൂടുന്നു. അഡ്വൈസ് ലഭിച്ച ഡോക്ടർമാരുടെ ഒഴിവുകൾ നികത്തപ്പെടുന്നില്ല. സംഘടനകളുടെ ഇടപെടലാണ് നിയമനം വൈകിപ്പിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

സ്ത്രീ സുരക്ഷാ പദ്ധതികളിൽ മുടക്കം

സ്ത്രീ സുരക്ഷാ, കണക്ട് ടു വർക്ക് പദ്ധതികൾ പുതിയ സർക്കാർ തകർക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. സ്ത്രീ സുരക്ഷാ പദ്ധതി മുടങ്ങി. പുതിയ അപേക്ഷകളിൽ നടപടി എടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനവകുപ്പ് രണ്ട് മാസമായി പെൻഷൻ തടഞ്ഞുവച്ചു. പദ്ധതിയെ പൂർണമായും തകർക്കാനുള്ള അണിയറ നീക്കം നടക്കുന്നു. സ്ത്രീപക്ഷ സർക്കാരെന്ന് മേനി നടിക്കുന്നവരാണ് പെൻഷൻ മുടക്കിയത്. സർക്കാർ നിലപാട് തിരുത്തി പെൻഷൻ നൽകണം. അർഹരായ എല്ലാവർക്കും സാമ്പത്തിക സഹായം വിതരണം ചെയ്യണമെന്നും പിണറായി വിജയൻ പറഞ്ഞു.

വൈദ്യുതി നിയന്ത്രണം

എല്ലാവരും വലിയ ലോകകപ്പ് ആവേശത്തിലാണ്. വൈദ്യുതി നിയന്ത്രണം വലിയ തോതിൽ പ്രയാസം സൃഷ്ടിക്കുന്നു. ഈ ഘട്ടത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

SCROLL FOR NEXT