തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയപ്രഖ്യാപന പ്രസംഗം നയരാഹിത്യ പ്രഖ്യാപനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്ന സമീപനം നയ പ്രഖ്യാപനത്തിൽ ഉണ്ടാകേണ്ടതായിരുന്നു. പറയേണ്ടത് പറയാതിരുന്നിട്ടുണ്ട്. കുറേ കാര്യങ്ങൾ കേന്ദ്രത്തിൽ നിന്ന് ചോദിച്ചു വാങ്ങേണ്ടതുണ്ട്. അതിനെക്കുറിച്ച് എല്ലാം മൗനം പാലിച്ചെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പിണറായി വിജയൻ്റെ ആദ്യ വാർത്താ സമ്മേളനം കൂടിയാണ് ഇന്നത്തേത്.
"കേന്ദ്രത്തിൽ നിന്ന് ചോദിച്ച് വാങ്ങേണ്ടതിനെ കുറിച്ച് മൗനം പാലിച്ചാൽ സംസ്ഥാന സർക്കാരിന് അർഹതപ്പെട്ടത് നഷ്ടപ്പെടാൻ അത് ഇടയാക്കും. കേരളത്തിൻ്റെ സമഗ്ര വികസനത്തിൻ്റെ ബ്ലൂ പ്രിന്റ് ആവിഷ്‌കരിച്ചതാണ്. അതേ കുറിച്ച് ഒരു സൂചനയും നയപ്രഖ്യാപനത്തിൽ ഇല്ല. പ്രധാന പദ്ധതികളെ കുറിച്ചൊന്നും നയപ്രഖ്യാപനത്തിൽ പരാമർശമില്ല. കൃത്യമായ കാഴ്ചപ്പാടില്ലാത്ത നയപ്രഖ്യാപനമാണ് കണ്ടത്. യുഡിഎഫിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവും കാണാം. കേരളത്തെ പുതു യുഗത്തിലേക്ക് ആനയിക്കുന്നതിനെ കുറിച്ച് ഒന്നും ഈ നയപ്രഖ്യാപത്തിൽ കാണാനില്ല. കേരളത്തിൻ്റെ വികസനത്തെ ഇത് പിന്നോട്ട് അടിപ്പിക്കുമെന്നും ആശങ്കയുണ്ട്", പിണറായി വിജയൻ്റെ വാക്കുകൾ.
പ്രതീക്ഷിച്ച നയപ്രഖ്യാപനമല്ല വന്നത്. കിഫ്ബി, കുടുംബശ്രീ എന്നിവയെ കുറിച്ച് സർക്കാർ മൗനം പാലിക്കുന്നു. പരമ്പരാഗത വ്യവസായം, പ്രവാസ മേഖല എന്നിവയെ കുറിച്ചും വേണ്ടത്ര പരാമർശമുണ്ടായില്ല. അതിദാരിദ്ര്യ നിർമാർജനത്തിന്റെ അടുത്ത ഘട്ടം പരാമർശിച്ചിട്ടില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളെ പേരിനു പോലും പരാമർശിച്ചില്ല. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ കുറിച്ചും അത് മൂലം ഉള്ള പ്രതിസന്ധികളെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം പഞ്ഞു.
സംസ്ഥാനത്തിൻ്റെ ധനസ്ഥിതി മറച്ചു വച്ച് തെറ്റായ ആഖ്യാനം ഉണ്ടാക്കാൻ ശ്രമം നടക്കുന്നതായും പിണറായി വിജയൻ പറഞ്ഞു. കേരളത്തിൻ്റെ സാമ്പത്തിക നില അപകടാവസ്ഥയിൽ ആണെന്ന് വരുത്താനാണ് ശ്രമം. സംസ്ഥാനത്തിന്റെ പൊതുകടം അഞ്ചുവർഷം കൊണ്ട് അഞ്ച് ശതമാനം കുറയുകയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും മികച്ച ധന ക്രമീകരണമാണ് കേരളത്തിൽ നടന്നത്. ഏത് സാമ്പത്തിക വെല്ലുവിളിയേയും ഏറ്റെടുക്കാം എന്ന നിലയിലേക്ക് കേരള ഖജനാവ് മാറി. അങ്ങനെയൊരു ഖജനാവാണ് എൽഡിഎഫ് സർക്കാർ കൈമാറിയതെന്നും ധവളപത്രം വരുമ്പോൾ കൂടുതൽ പറയാമെന്നും പിണറായി വിജയൻ വിശദീകരിച്ചു.