Source: ഫയൽ ചിത്രം
KERALA

രാഹുൽ വിഷയത്തിലുള്ള എൻ്റെ നിലപാട് കൊച്ചുകുട്ടികൾക്ക് പോലും അറിയാം, സഭയിൽ അയോഗ്യനാക്കാനുള്ള പ്രമേയം വന്നാൽ അപ്പോൾ നോക്കാം: വി.ഡി. സതീശൻ

സഭയിൽ അയോഗ്യനാക്കാനുള്ള പ്രമേയം വന്നാൽ അത് അപ്പോൾ നോക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞു

Author : ലിൻ്റു ഗീത

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഇപ്പോൾ കോൺ​ഗ്രസിലിലെന്നും അതിനാൽ എംഎൽഎ സ്ഥാനം ആവശ്യപ്പെടാൻ കോൺ​ഗ്രസിന് കഴിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. രാഹുൽ വിഷയത്തിലുള്ള തൻ്റെ നിലപാട് കേരളത്തിലെ കൊച്ചുകുട്ടികൾക്ക് പോലും അറിയാമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. വിഷയത്തിൽ ഫറയാനൊന്നുമില്ല. പ്രവർത്തിക്കാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി വളരെ നേരത്തെ തന്നെ ചെയ്തിട്ടുണ്ട്. രാഹുൽ കാര്യത്തിൽ പാർട്ടി ഒറ്റകെട്ടായാണ് തീരുമാനം എടുത്തത്. ഇത്തരം തീരുമാനം ഒരു പാർട്ടിയും എടുത്തിട്ടില്ല. സഭയിൽ അയോഗ്യനാക്കാനുള്ള പ്രമേയം വന്നാൽ അത് അപ്പോൾ നോക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം, രാഹുലിന് അൽപ്പം എങ്കിലും നാണമുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ് പ്രതികരിച്ചു. ഇതിന് മുൻപേ രാജിവയ്ക്കേണ്ടതായിരുന്നു. ഇപ്പോഴും സ്ത്രീകൾ ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് കാണുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ട്. മത്സരിക്കാൻ കോൺഗ്രസ് ഇനി സീറ്റ് നൽകുമെന്ന് കരുതുന്നില്ല. ഇനിയും ഇരകൾ ഉണ്ട്, അത് പുറത്തുവരുമെന്നാണ് കരുതുന്നതെന്നും എം.എ. ഷഹനാസ് പറഞ്ഞു.

കൂട്ടത്തിൽ നിർത്താൻ കൊള്ളാത്തവനെന്ന് കണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതെന്നായിരുന്നു കെ. മുരളീധരൻ്റെ പ്രതികരണം. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെ കേസിൽ പെടുന്നു എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാര്യത്തിൽ കോൺഗ്രസ് ഉചിതമായ നടപടി എടുത്തിട്ടുണ്ടെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഇനി കോൺഗ്രസ് മറുപടി പറയേണ്ട കാര്യമില്ലെന്നും രാഹുലിൻ്റേത് ഇപ്പോൾ വ്യക്തിപരമായ വിഷയം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

SCROLL FOR NEXT