കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്ന് മൂന്ന് പേർ മരിച്ചസംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പൊളിച്ചുമാറ്റേണ്ട സ്ഥിതിയിലുണ്ടായിരുന്നു കെട്ടിടം നിലനിർത്തിയത് കോർപ്പറേഷന്റെ വീഴ്ചയായാണ് പ്രതിപക്ഷം ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ പൊളിക്കേണ്ടിയിരുന്ന കെട്ടിടമായിരുന്നു. കോർപ്പറേഷന് കടുത്ത അനാസ്ഥ ഉണ്ടായി. വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും പറഞ്ഞ ചെന്നിത്തല ഇത്തരം സംഭവങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ഓർമിപ്പിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകണമെന്ന് കോർപ്പറേഷനിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. കെട്ടിടം അൺ ഫിറ്റ് ആയിരുന്നു. അങ്ങാടിയിൽ അഞ്ചു കെട്ടിടങ്ങൾ അൺഫിറ്റ് ആണെന്ന് നേരത്തെ കണ്ടെത്തിയതാണ്. 2024 - ൽ തന്നെ ഡിപിആർ തയ്യാറാക്കിയതാണ്. 2024 ൽ കെട്ടിടം പൊളിച്ചു മാറ്റാൻ തീരുമാനിച്ചിരുന്നുവെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് എസ്. കെ. അബൂബക്കർ പറഞ്ഞു. പിന്നീട് എന്തുകൊണ്ട് പൊളിക്കാൻ തീരുമാനിച്ച കെട്ടിടങ്ങൾ വാടകക്ക് നൽകി എന്ന ചോദ്യമാണ് ഉയത്തുന്നത്. അതേസമയം അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മരിച്ചവരുടെ സുഹൃത്ത് അബ്ദുൽ റഹ്മാന്റെ പരാതിയിലാണ് നടപടി.
അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. മൂന്നുപേരുടെയും മരണത്തിന് ഉത്തരവാദി കോഴിക്കോട് കോർപ്പറേഷനാണ്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ നിരവധി തവണ കോൺഗ്രസ് ചൂണ്ടി കാണിച്ചതാണ്. പൊളിക്കാൻ വെച്ച കെട്ടിടത്തിൽ രണ്ടുമാസം മുൻപ് ഒരു സ്ഥാപനം വന്നിരിക്കുകയാണ്. ഇതെല്ലാം കോർപ്പറേഷന്റെ അനാസ്ഥയാണ്. അപകടത്തിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം കോഴിക്കോട് കോർപ്പറേഷനാണെന്നും പ്രവീൺകുമാർ പറഞ്ഞു.
അതേ സമയം കെട്ടിടം തകർന്ന സംഭവത്തിൽ മേയറും കോർപ്പറേഷൻ സെക്രട്ടറിയും രണ്ട് തട്ടിലാണ്. കെട്ടിടം അൺ ഫിറ്റായിരുന്നുവെന്ന് കോർപ്പറേഷൻ സെക്രട്ടറി കെ.യു. ഹരീഷ് പറഞ്ഞു. ലൈസൻസ് കാലാവധി അവസാനിക്കാത്തതിനാലാണ് ഒഴിപ്പിക്കാതിരുന്നത്. 2024ലാണ് കെട്ടിടം അൺ ഫിറ്റാണെന്ന് കണ്ടെത്തിയതെന്നും കെ.യു ഹരീഷ് പറഞ്ഞു. എന്നാൽ അതേ സമയം അപകടത്തെ രാഷ്ട്രീയ സംഘടനകൾ അവസരമാക്കി എടുക്കരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കും. 'പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടി ഉണ്ടാകും'.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് പൊലീസിനെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പ്രതിപക്ഷ പ്രതിഷേധം നടന്നുവെന്നും വസീഫ് പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും വാർഡ് കൗൺസിലർക്കും ഉത്തരവാദിത്തമുണ്ടെന്നും സിപിഎം ജില്ല സെക്രട്ടറി എം. മെഹബൂബ് പ്രതികരിച്ചു. കോഴിക്കോട് വലിയങ്ങാടിയിൽ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ സ്ലാബ് ആണ് തകര്‍ന്ന് വീണ അപകടത്തിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. പൊളിച്ചു മാറ്റാനിരുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ജബ്ബാര്‍, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സണ്‍ഷേഡ് ആണ് തകര്‍ന്നത്. അരി, ഗോതമ്പ് അടക്കമുള്ള ധാന്യപ്പൊടികള്‍ സൂക്ഷിക്കുന്ന ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അപകടത്തിൽ മരണപ്പെട്ട ഒരാളുടെ പോസ്‌റ്റ്‌മാർട്ടം ഇന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വച്ച് നടക്കും. മറ്റു രണ്ടു പേരുടെയും കുടുംബത്തിന്റെ ആവശ്യപ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്‌റ്റ്‌മാർട്ടം നടത്തും. മരിച്ചവരോടുള്ള ആദര സൂചകമായി ഇന്ന് മൂന്ന് മണി മുതലും നാളെയും വലിയങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും.