തിരുവനന്തപുരം: നിയമസഭയിൽ ശബരിമല സ്വർണക്കൊള്ള ദൈനംദിന ചർച്ചാ വിഷയമാകുന്നതിനിടെ ആസൂത്രിത ചോദ്യവുമായി പ്രതിപക്ഷ എംഎൽഎമാർ. "2016 മുതൽ 2021 വരെയുള്ള കാലയളവിൽ അന്നത്തെ ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് മീറ്റിംഗുകളുടെ മിനുട്‌സിൻ്റെ പകർപ്പ് ലഭ്യമാക്കാമോ?" എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ചോദ്യം.
എംഎൽഎമാരായ റോജി എം. ജോൺ, കെ. ബാബു, എൽദോസ് കുന്നപ്പിള്ളി, സി.ആർ. മഹേഷ് എന്നിവരാണ് ഒരേ ചോദ്യം സഭയിൽ സമർപ്പിച്ചത്. ദേവസ്വം മന്ത്രി വി.എൻ. വാസവനാണ് ചോദ്യത്തിന് മറുപടി നൽകിയത്. മന്ത്രിയായിരിക്കെ ദേവസ്വം ബോർഡ് യോഗങ്ങളിൽ കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തിട്ടില്ലെന്നും, മന്ത്രിക്ക് പങ്കെടുക്കാൻ നിയമം അനുശാസിക്കുന്നില്ലെന്നുമാണ് മന്ത്രി മറുപടി നൽകിയത്.
മന്ത്രിയുടെ മറുപടി
2016 മുതൽ 2021 വരെയുള്ള കാലയളവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മീറ്റിംഗുകളിൽ ഒന്നിലും ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്തിട്ടില്ല. ബഹു. ദേവസ്വം വകുപ്പ് മന്ത്രി ദേവസ്വം ബോർഡ് മെമ്പർ അല്ല. 1950 ലെ ട്രാവൻകൂർ -കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിട്യൂഷൻസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് മാത്രമേ ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. ദേവസ്വം വകപ്പ് മന്ത്രിക്കു ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ നിയമം അനുശാസിക്കുന്നില്ല.