Source: Files
KERALA

'1000 രൂപയുടെ എൽഇഡി ലൈറ്റ് ഓർഡർ ചെയ്തു, വീട്ടിലെത്തിയത് മദ്യക്കുപ്പിയിൽ മൂത്രം'; പത്തനംതിട്ടയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്

എൽഇഡി പിക്സൽ ലൈറ്റ് ഓർഡർ ചെയ്ത കോന്നി അരുവാപ്പുലം സ്വദേശി സനുവിന് ലഭിച്ചത് പ്രീമിയം മദ്യകുപ്പിയിൽ മനുഷ്യ മൂത്രമെന്ന് പരാതി...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. 1000 രൂപയുടെ എൽഇഡി പിക്സൽ ലൈറ്റ് ഓർഡർ ചെയ്ത കോന്നി അരുവാപ്പുലം സ്വദേശി സനുവിന് ലഭിച്ചത് പ്രീമിയം മദ്യകുപ്പിയിൽ മനുഷ്യ മൂത്രമെന്ന് പരാതി. ഡെലിവറി ബോയ് പാക്കറ്റ് വീട്ടിലെത്തിക്കുകയും സനു പണം നൽകുകയുമായിരുന്നു.

ഇന്നലെ വൈകീട്ടായിരുന്നു ഓർഡറിനനുസരിച്ച് സാധനം സനുവിൻ്റെ വീട്ടിലെത്തിയത്. ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് ലിങ്കിൽ കയറി 1000 രൂപയുടെ എൽഇഡി പിക്സൽ ലൈറ്റ് ഓർഡർ ചെയ്തതെന്ന് സനു പറയുന്നു. ക്യാഷ് ഓൺ ഡെലിവറി ഓർഡർ പ്രകാരം പണം ഡെലിവറി ബോയ്ക്ക് ഗൂഗിൾ പേ ചെയ്തു നൽകി. പിന്നീട് പെട്ടി പൊട്ടിച്ച് തുറന്ന് നോക്കിയപ്പോഴാണ് അമളി മനസിലായതെന്നും ഇതേക്കുറിച്ച് ഡെലിവറി ബോയിയോട് പറഞ്ഞപ്പോൾ അവർക്ക് ഉത്തരവാദിത്തമില്ല, പൈസ തിരികെ തരാനാകില്ലെന്ന് പറഞ്ഞുവെന്നും സനു പറയുന്നു.

റിട്ടേൺ ഓപ്ഷനും മറ്റും ഫേസ്ബുക്ക് ലിങ്കിൽ ഉണ്ടെങ്കിലും ബന്ധപ്പെടാൻ സാധിക്കുന്ന നമ്പറുകളൊന്നും അതിലില്ല. ഉണ്ടായിരുന്ന കോൺടാക്ട് നമ്പർ ഒൻപത് അക്കം മാത്രമുള്ള ഒരു വ്യാജ നമ്പർ ആയിരുന്നു. പൊലീസിലും കൺസ്യൂമർ ഫോറത്തിലും പരാതി നൽകി മുന്നോട്ട് പോകാനാണ് സനുവിൻ്റെ തീരുമാനം.

SCROLL FOR NEXT