KERALA

എംഎസ്‌സി എല്‍സ 3 കേരള തീരത്ത് മുങ്ങിയിട്ട് മാസങ്ങള്‍; നിഗൂഢതയില്‍ വ്യക്തത വരുത്താതെ സര്‍ക്കാര്‍; ആരോപണവുമായി മത്സ്യത്തൊഴിലാളികള്‍

നഷ്ട പരിഹാരം പോലും നഷ്ടപ്പെടുത്തുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലെന്നും സംഘടനകള്‍ ആരോപിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ സംസ്ഥാന സര്‍ക്കാരും, കപ്പല്‍ കമ്പനിയും ചേര്‍ന്ന് മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍. ജൂലൈ 3 നകം അവശിഷ്ടങ്ങള്‍കപ്പലില്‍ നിന്നും നീക്കം ചെയ്യണമെന്ന ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ അന്ത്യശാസനം ഇനിയും നടപ്പായില്ല. നഷ്ടപരിഹാരം പോലും നഷ്ടപ്പെടുത്തുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലെന്നും സംഘടനകള്‍ ആരോപിക്കുന്നു.

എംഎസ്‌സി എല്‍സ 3 കപ്പല്‍ കേരളതീരത്ത് മുങ്ങിയിട്ട് നാളുകളായെങ്കിലും, നിഗൂഢതകളില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ ആരോപണം. സംസ്ഥാന സര്‍ക്കാരും ദുരന്തനിവാരണ അതോറിറ്റിയും, ഡി.ജി ഷിപ്പിങ്ങും, എം.എം.ഡിയും പൊതുസമൂഹത്തെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. തീരത്തു നിന്നും എത്ര കിലോമീറ്റര്‍ അകലെയാണ് കപ്പല്‍ മുങ്ങിയതെന്നോ, കപ്പലിന്റെ ഇപ്പോഴത്തെ സ്ഥാനം എവിടെയാണെന്നോ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പോലും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.

അപകട സമയത്തെ കപ്പലിന്റെ വോയേജ് ഡാറ്റ റെക്കോര്‍ഡര്‍, ലോഗ് ബുക്ക്, വോയേജ് ചാര്‍ട്ട്, കപ്പലിലെ കണ്ടെയ്‌നറുകളിലെ ഉള്ളടക്കത്തെ സംബന്ധിച്ച കാര്‍ഗോ മാനിഫെസ്റ്റ് തുടങ്ങിയവ കോടതിയില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്.

ജൂലൈ 3 നകം അവശിഷ്ടങ്ങള്‍കപ്പലില്‍ നിന്നും നീക്കം ചെയ്യണമെന്ന ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ അന്ത്യശാസനവും ഇതുവരെ നടപ്പായിട്ടില്ല. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് നിയോഗിച്ച ടി ആന്‍ഡ് ടി എന്ന വിഖ്യാതമായ കമ്പനി ജൂണ്‍ 12 ന് ദുരൂഹമായ സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ദൗത്യം ഏറ്റെടുത്ത ലോകത്തെ ഏറ്റവും വലിയ സ്ഥാപനമായ സ്മിത്ത് സാല്‍വേജ് എന്ന കമ്പനി ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.

കോടതി ഇടപെടലിന്റെ ഭാഗമായി കേസെടുത്ത സംസ്ഥാന സര്‍ക്കാര്‍ 9531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന ഏതെങ്കിലും രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

SCROLL FOR NEXT