KERALA

സഭാതർക്കത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിന് പിന്തുണയുമായി ഓർത്തഡോക്സ് സഭ

പ്രശ്നപരിഹാരത്തിനായുള്ള നീക്കങ്ങൾ പക്ഷപാതരഹിതമായി നിർവഹിക്കാൻ മുഖ്യമന്ത്രിക്ക് കഴിയട്ടെ എന്ന് സഭ ആശംസിച്ചു

Author : ന്യൂസ് ഡെസ്ക്

സഭാതർക്കം പരിഹരിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിലപാടിനെ സ്വാ​ഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭ. നിയമവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കോടതി വിധികളുടെ യഥാർഥ അന്തസത്ത ഉൾക്കൊണ്ട് ഈ വിഷയത്തിൽ ശാശ്വതമായ ഒരു പ്രശ്നപരിഹാരം കണ്ടെത്താൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും സഭ വ്യക്തമാക്കി.

സഭാതർക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകുക എന്നത് ഏവരുടെയും വലിയൊരു സ്വപ്നമാണ്. ഈ ലക്ഷ്യത്തിനായി സർക്കാരുമായി പൂർണ്ണമായി യോജിച്ച് പോകാൻ തയ്യാറാണെന്നും അറിയിച്ചു. പ്രശ്നപരിഹാരത്തിനായുള്ള നീക്കങ്ങൾ പക്ഷപാതരഹിതമായി നിർവഹിക്കാൻ മുഖ്യമന്ത്രിക്ക് കഴിയട്ടെ എന്ന് സഭ ആശംസിച്ചു. മുൻ സർക്കാരുകളും ഈ തർക്കവിഷയത്തിൽ വളരെ ക്രിയാത്മകമായി ഇടപെടാൻ ശ്രമിച്ചിരുന്നുവെന്ന് ഓർത്തഡോക്സ് സഭ അനുസ്മരിച്ചു.

എന്നാൽ, കോടതി വിധികളെയും നിലവിലുള്ള സഭാ ഭരണഘടനയെയും അംഗീകരിക്കാൻ തയ്യാറാകാതെ ഒരു വിഭാഗം മാറി നിന്നതാണ് സമാധാന ശ്രമങ്ങൾക്ക് വിഘാതമായതെന്നും സഭ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഈ സമാധാന സ്വപ്നം സഫലമാക്കുവാൻ മറുവിഭാഗവും പൂർണ്ണമായി സഹകരിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഓർത്തഡോക്സ് സഭ നേതൃത്വം കൂട്ടിച്ചേർത്തു.

മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിർണായക പ്രതികരണം. ആർക്കും ഒരു അഭിമാന പ്രശ്നം വരാതെ പരിഹരിക്കണണെന്നാണ് ആഗ്രഹമെന്നും അതിനായി സർക്കാർ മുൻകൈ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

SCROLL FOR NEXT