KERALA

ഒതായി മനാഫ് വധക്കേസ്; ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം

മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: ഒതായി മനാഫ് കൊലക്കേസിൽ മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പി.വി. അൻവറിൻ്റെ സഹോദരിയുടെ മകൻ ആണ് മാലങ്ങാടൻ ഷഫീഖ്. 1995 ഏപ്രില്‍ 13നാണ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. മനാഫ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്നു.

മനാഫ് വധക്കേസിൽ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ ആണെന്ന് ഇന്നലെയാണ് കോടതി വിധിച്ചത്. കേസിൽ ബാക്കി മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

നേരത്തെ കേസിൽ 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. 25 വര്‍ഷം ഒളിവിലായിരുന്നു 4 പ്രതികളും. മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. കേസിൽ രണ്ടാം പ്രതിയായ പി.വി. അൻവർ അടക്കമുള്ള 21 പ്രതികളെയാണ് നേരത്തെ കോടതി വെറുതെ വിട്ടത്.

SCROLL FOR NEXT