റിദാ മോൾക്ക് കരുത്തായി സംഗീതം  Source: News Malayalam 24x7
KERALA

ശാരീരിക വെല്ലുവിളികളെ മറികടന്ന് കർണാടക സംഗീതത്തിൽ ബിരുദം; റിദാ മോൾക്ക് കരുത്തായി സംഗീതം

ഇന്ത്യയിൽ ആദ്യമായാണ് ഒന്നിലധികം ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരാൾ കർണാടക സംഗീതത്തിൽ ബിരുദം നേടുന്നത്.

Author : ന്യൂസ് ഡെസ്ക്

എല്ലാ പ്രതിസന്ധികളെയും മറികടന്ന് കർണാടക സംഗീതത്തിൽ ബിരുദം നേടിയിരിക്കുകയാണ് ഭിന്നശേഷിക്കാരിയായ റിദമോൾ. ഇന്ത്യയിൽ ആദ്യമായാണ് ഒന്നിലധികം ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരാൾ കർണാടക സംഗീതത്തിൽ ബിരുദം നേടുന്നത്. കാലടി സംസ്കൃത സർവകലാശാലയിൽ ജനറൽ വിഭാഗത്തിലായിരുന്നു റിദാ മോളുടെ പ്രവേശനം.

സംഗീതമല്ലാതെ മറ്റൊന്നും റിദാമോൾക്കറിയില്ല. എഴുതാനോ വായിക്കാനോ കാണാനോ കഴിയില്ല, പക്ഷെ കേൾക്കാൻ കഴിയും. അത് മാത്രം മതിയായിരുന്നു റിദാമോൾക്ക് സംഗീതത്തിൽ ബിരുദം നേടാൻ. ഇന്ത്യയിൽ ആദ്യമായാണ് ഒന്നിലധികം ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരു വിദ്യാർഥിനി സംഗീതത്തിൽ ബിരുദം നേടുന്നത്.

തീവ്ര ശാരീരിക, ചലന, കാഴ്ച, ബൗദ്ധിക, വെല്ലുവിളികളെ അതിജീവിച്ചാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വകലാശാലയായ സംസ്കൃത സർവകലാശാലയുടെ മുഖ്യ കേന്ദ്രത്തിൽനിന്ന് കെ.എൻ. റിദാമോൾ സംഗീതത്തിൽ ബിരുദം നേടുന്നത്. സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെൻറ് 100% അറ്റന്റൻസും റിദമോൾക്കുണ്ട്.

ഒന്നാം ക്ലാസ് മുതൽ പൊതുവിദ്യാലയങ്ങളിൽ പഠിച്ച് കാലടി സംസ്കൃത സർവകലാശാലയിൽ ജനറൽ വിഭാഗത്തിലാണ് ബിഎ മ്യൂസിക്കിന് റിദാമോൾ പ്രവേശനം നേടിയത്. എൽകെജി മുതൽ ബിരുദം വരെ അമ്മയും മകളും ഒന്നിച്ചാണ് വിദ്യാലയത്തിലെത്തുന്നത്. റിദാ മോളോടൊപ്പം അമ്മയും കൂടെയിരിക്കും. മൂന്നാം ക്ലാസ് മുതൽ പാട്ട് കേട്ട് മകൾ പാടാൻ തുടങ്ങിയപ്പോൾ അമ്മ ലൈലാ ബീവി സർവ്വ പിന്തുണയും നൽകി കൂടെ നിന്നു.

മകളുടെ കഴിവിനൊപ്പം നിൽക്കണമെന്നാണ് പെരുമ്പാവൂർ സ്വദേശികളായ കെ.എം. നസീറിൻ്റെയും ലൈല ബീവിയുടെയും ആഗ്രഹം. സംസ്ഥാന സർക്കാരിന്റെ സാമൂഹിക നീതി വകുപ്പിന് കീഴിലെ അനുയാത്ര റിഥം കലാ ഗ്രൂപ്പിലെ ഗായിക കൂടിയാണിപ്പോൾ റിദാ മോൾ.

SCROLL FOR NEXT