KERALA

സിപിഐഎം മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ

വി.ഡി. സതീശൻ മെമ്പർഷിപ് നൽകി സ്വീകരിച്ചു.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഐഎമ്മിൻ്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോണ്‍ഗ്രസില്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. മൂന്ന് തവണ എൽഡിഎഫിൻ്റെ എംഎൽഎയായി പ്രവർത്തിച്ചിട്ടുണ്ട്.

1991-ലാണ് സിപിഐഎമ്മിൽ അംഗമായത്. സിപിഐഎം കൊട്ടാരക്കര ഏരിയകമ്മിറ്റിയംഗം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ദേശീയസമിതിയംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ വനിതാ സബ് കമ്മിറ്റി കൺവീനർ, കൊല്ലം ജില്ല ലോയേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

2000-ലാണ് കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് കൊട്ടാരക്കരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2006 ല്‍ ആര്‍. ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും ഐഷ പോറ്റി കേരളാ നിയമസഭയിലേക്കെത്തിയത്. 2011ല്‍ 20592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷ പോറ്റി 2016 ല്‍ 42,632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ച് വീണ്ടും നിയമസഭയിലേക്ക് എത്തി.

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നിരുന്നു. അതിനിടെ ഉമ്മൻചാണ്ടി അനുസ്മരണ വേദികളിലടക്കം സജീവമായതോടെ ഐഷ പോറ്റി കോൺഗ്രസിൽ എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ നിഷേധിച്ച് കൊണ്ട് ഐഷാ പോറ്റി തന്നെ രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT