പി. ജയരാജന്‍ 
KERALA

ആഭ്യന്തര മന്ത്രിയെ വിമർശിച്ച് പോസ്റ്റ് ഇട്ടാൽ പ്രതിയാക്കുമെങ്കിൽ, ചെന്നിത്തലയുടെ പൊലീസിന് അതിനേ നേരം കാണൂ: പി. ജയരാജന്‍

രമേശ് ചെന്നിത്തലയുടെ യുഎസ് യാത്രയുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ പേരില്‍ കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്തതില്‍ പി. ജയരാജന്‍

Author : ന്യൂസ് ഡെസ്ക്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് യാത്രയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്‍. ഭരണാധികാരികളുടെ അനുചിത നടപടികളെ ചോദ്യം ചെയ്യാനും, മാധ്യമങ്ങളുടെ ഇരട്ടത്താപ്പുകൾ തുറന്നുകാട്ടാനും ഓരോ പൗരനും ഭരണഘടനാപരമായ അവകാശമുണ്ട്. അതിനെതിരെ കലാപാഹ്വാനക്കുറ്റവും മാനനഷ്ടവും ചുമത്തി കേസെടുക്കുന്നതും ശുദ്ധമായ അധികാര ദുർവിനിയോഗമാണെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാൽ അരുൺകുമാറിനെ പ്രതിയാക്കുമെങ്കിൽ, ചെന്നിത്തലയുടെ പൊലീസിന് അതിനേ നേരം കാണുകയുള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഭരണാധികാരികളുടെ അനുചിതമായ നടപടികളെ ചോദ്യം ചെയ്യാനും മാധ്യമങ്ങളുടെ ഇരട്ടത്താപ്പുകൾ തുറന്നുകാട്ടാനും ഓരോ പൗരനും ഭരണഘടനാപരമായ അവകാശമുണ്ട്; അതിനെതിരെ കലാപാഹ്വാനക്കുറ്റവും മാനനഷ്ടവും ചുമത്തി കേസെടുക്കുന്നത് ശുദ്ധമായ അധികാര ദുർവിനിയോഗമാണ്. ജനാധിപത്യത്തിൽ വിമർശനങ്ങൾ സ്വാഭാവികമാണ്, എന്നാൽ ഒരു ചോദ്യം ചോദിക്കുമ്പോഴേക്ക് വിറളിപൂണ്ട് പോലീസിനെ വിട്ട് നാവടപ്പിക്കാൻ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയുടെ ലക്ഷണമാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാൽ അഡ്വ.കെഎസ് അരുൺകുമാറിനെ പ്രതിയാക്കുമെങ്കിൽ ചെന്നിത്തലയുടെ പോലീസിന് അതിനേ നേരം കാണുകയുള്ളൂ.

അഭിപ്രായസ്വാതന്ത്ര്യത്തെയും വിയോജിക്കാനുള്ള അവകാശത്തെയും തടവറയിലാക്കി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാമെന്നത് വിലകുറഞ്ഞ വ്യാമോഹം മാത്രമാണ്. ചോദ്യങ്ങൾ ചോദിക്കുന്നവരെ കേസ് കാണിച്ച് പേടിപ്പിക്കാൻ നോക്കിയാൽ ചോദ്യങ്ങളുടെ തടവറയിൽ ആയിരിക്കും അത്തരം ഭരണാധികാരികളുടെ ശേഷിച്ച ജീവിതം.

ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ച കുറിപ്പുകളാണ് അരുണ്‍ കുമാറിനെതിരെ കേസെടുക്കാന്‍ കാരണം. "LDF ഭരണ കാലത്ത് ഏതെങ്കിലും ഒരു മന്ത്രിയാണ് അമേരിക്കയിലോ മറ്റ് ഏതെങ്കിലും വിദേശ രാജ്യങ്ങളിലോ കുടുംബസമേതം സന്ദർശിച്ചതെങ്കിൽ എത്ര ദിവസങ്ങൾ മുൻപ് മാധ്യമങ്ങളുടെ അന്തി ചർച്ചയും ബ്രേയ്ക്കിംഗ് ന്യൂസും തുടങ്ങിയേനെ അല്ലേ?" എന്ന വാചകങ്ങളോടെ, രമേശ് ചെന്നിത്തല, ഭാര്യയും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രസഹിതമായിരുന്നു ഇന്‍സ്റ്റഗ്രാമിലെ കുറിപ്പ്.

മറ്റാരോ ചെയ്തൊരു പോസ്റ്ററാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. രമേശ് ചെന്നിത്തലയ്ക്കൊപ്പം, അന്‍വര്‍ സാദത്തും പന്തളം സുധാകരനും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം "ആരോ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോഴാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അമേരിക്കയില്‍ പോയത് മലയാളികള്‍ അറിയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, അമേരിക്കയില്‍ പോകുന്നത് മാത്രമല്ല, അവിടെ മന്ത്രിമാര്‍ ആരുടെ കാറില്‍ കയറുന്നു എന്നതു വരെ മാധ്യമങ്ങള്‍ അന്വേഷിച്ചേനെ... വലതുപക്ഷത്തിന്റെ പ്രിവിലേജിന് അതിരുകള്‍ ഇല്ലല്ലോ..?" എന്നെഴുതിയ കാര്‍ഡ്, "എത്ര കറക്ട് ആണ് ഈ വാചകങ്ങള്‍" എന്ന തലക്കുറിപ്പോടെയാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

SCROLL FOR NEXT