കണ്ണൂര്‍: ആര്‍എസ്എസ് നേതാവും രാജ്യസഭാ എംപിയുമായ സി. സദാനന്ദന്റെ കാല്‍ വെട്ടിയ കേസിലെ പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയതില്‍ കെ.കെ. ശൈലജ എംഎൽഎയെ പിന്തുണച്ച് പി. ജയരാജനും ഡിവൈഎഫ്‌ഐയും. സദാനന്ദന്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും പിന്നിലുള്ള കഥകള്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം മറക്കുകയാണെന്നും പി.ജയരാജന്‍ പറഞ്ഞു.
സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സദാനന്ദന്‍. തന്റെ മക്കളെ ആര്‍എസ്എസ് ശാഖയിലേക്ക് ബലം പ്രയോഗിച്ചു കൊണ്ടുപോയത് ചോദ്യം ചെയ്തതിനാണ് കല്ലുവെട്ട് തൊഴിലാളിയായ ജനാര്‍ദ്ദനന്‍ എന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ സദാനന്ദന്‍ ആക്രമിച്ചത്.
സദാനന്ദനെതിരെ ആക്രമണം നടത്തിയിട്ടുണ്ട് എന്നത് ശരിയാണ്. അത് സിപിഐഎം നേതാവിനെതിരെയുള്ള ആക്രമണത്തിന്റെ പ്രതിഫലനമായിരുന്നു. മാധ്യമങ്ങള്‍ ഒരുവശം മാത്രം നോക്കരുത്. ആര്‍എസ്എസ് എന്താണെന്ന് മാധ്യമങ്ങള്‍ക്ക് അറിയാമല്ലോ എന്നും ജയരാജന്‍ ചോദിച്ചു.
ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കരുത്. ഛത്തീസ്ഗഡില്‍ അത് കണ്ടതല്ലേ. ആര്‍എസ്എസ് മാധ്യമങ്ങളേയും ആക്രമിക്കുന്നു. സദാനന്ദന്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ അധ്യാപകരും പൊതുപ്രവര്‍ത്തകരുമുണ്ട്. തനിക്ക് സൗകര്യമുണ്ടായിരുന്നെങ്കില്‍ താനും പരിപാടിയില്‍ പോകുമായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.
ശൈലജ ടീച്ചറെ പിന്തുണച്ച് ഡിവൈഎഫ്‌ഐയും രംഗത്തെത്തി. ശൈലജ ടീച്ചര്‍ പങ്കെടുത്തതില്‍ അസ്വാഭാവികത ഇല്ലെന്ന് ഡിെൈവഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. സിപിഐഎം പ്രാദേശിക തലത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ്. അതിലാണ് പാര്‍ട്ടിയുടെ സമുന്നത നേതാവായ ശൈലജ ടീച്ചര്‍ പങ്കെടുത്തതെന്നും വി.കെ. സനോജ് പറഞ്ഞു.
പ്രതികളും താനും കമ്മ്യൂണിസ്റ്റുകാരാണെന്നും അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനാണ് പോയതെന്നുമായിരുന്നു ശൈലജ ടീച്ചറുടെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് സി. സദാനന്ദന്റെ കാല്‍ വെട്ടിയ കേസില്‍ ശിക്ഷിക്കപ്പെട്ട എട്ട് സിപിഐഎം പ്രവര്‍ത്തകരെ ജയിലിലടച്ചത്. ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ കോടതി പരിസരത്തും ജയിലിന് മുന്നിലും നിരവധി സിപിഐഎം പ്രവര്‍ത്തകരെത്തിയിരുന്നു. മട്ടന്നൂരില്‍ നടന്ന യാത്രയയപ്പില്‍ കെ. കെ. ശൈലജ എംഎല്‍എ പങ്കെടുത്തത് വലിയ വിവാദമാവുകയും ചെയ്തു. കോടതി വിധി മാനിക്കുന്നെങ്കിലും പ്രതികള്‍ തെറ്റുകാരണെന്ന് കരുതുന്നില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു.