KERALA

"തിരക്കിനിടയിലും ടൗൺഷിപ്പിൽ എത്തി എന്നുള്ളതാണ് പ്രധാനം" മമ്മൂട്ടിക്കെതിരായ പ്രതിഷേധത്തെ തള്ളി പി. രാജീവ്‌

മമ്മൂട്ടി എത്തിയതോടെ ടൗൺഷിപ്പിനെ കുറിച്ച് ലോകം കൂടുതൽ അറിഞ്ഞെന്ന് പി. രാജീവ്‌.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രതിഷേധത്തെ തള്ളി മന്ത്രി പി. രാജീവ്‌. തിരക്കിനിടയിലും മമ്മൂട്ടി വയനാട് ടൗൺഷിപ്പിൽ എത്തി എന്നുള്ളതാണ് പ്രധാനം. മമ്മൂട്ടി എത്തിയതോടെ ടൗൺഷിപ്പിനെ കുറിച്ച് ലോകം കൂടുതൽ അറിഞ്ഞുവെന്നും ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്നതല്ല കാര്യമെന്നും രാജീവ് വ്യക്തമാക്കി.

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ചതിനാണ് മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുന്നത്. ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം കൂടെ നടന്നപ്പോൾ ''നിങ്ങൾ എന്തിനാണ് എപ്പോഴും എൻ്റെ കൂടെ നിൽക്കുന്നത്? നിങ്ങൾ എപ്പോഴും എൻ്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും'' എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഈ പ്രതികരണമാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്.

ടൗൺഷിപ്പ് നിർമാണത്തിൽ സർക്കാരിൻ്റെ പങ്കിനെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയും പ്രതിഷേധത്തിന് ആക്കം കൂട്ടി. പിന്നാലെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് മമ്മൂട്ടിയുടെ പ്രതികരണത്തെ എതിർത്തും കെ. റഫീഖിന് പിന്തുണ അറിയിച്ചും കമൻ്റുകൾ ഇട്ടത്.

രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി ജനം മുഖവിലയ്ക്ക് എടുക്കില്ലെന്നും രാജീവ് പറഞ്ഞു. യുഡിഎഫിൻ്റെ ഇരുണ്ടകാലം ജനങ്ങൾക്ക് ഓർമയുണ്ട്. കർണാടകയിലും തെലങ്കാനയിലും നടക്കുന്നത് ബിജെപിയുടേത് പോലുള്ള ന്യൂനപക്ഷ വേട്ടയാണ് എന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ ഗ്യാരണ്ടിയിൽ ജനം വീഴില്ല. സർക്കാരിൻ്റെ വികസന വിസ്മയം കണ്ടു അന്ധത ബാധിച്ചാണ് ഇതൊക്കെ പറയുന്നത്. രാഹുൽഗാന്ധി ബിജെപി ഏജൻ്റ് ആണെന്നും കെജ്‌രിവാളിനെ ജയിലിൽ അടയ്ക്കാൻ ബിജെപിയുടെ ചട്ടുകമായ ആളാണ് രാഹുലെന്നും രാജീവ് വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം സമദാനി മനപ്പൂർവം തെറ്റിച്ചു പറഞ്ഞതായിരിക്കും. പുണ്യമാസം ആയതിനാൽ അസത്യം പറയണ്ട എന്ന് പരിഭാഷകൻ കരുതിയിട്ടുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

SCROLL FOR NEXT