കണ്ണൂർ: വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് പി. ശശി. വ്യാജ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിൽ പറയുന്നത്. സിപിഐഎമ്മിന്റെ അന്തകനായത് പി. ശശിയെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് പി. ശശി വക്കീൽ നോട്ടീസ് അയച്ചത്. പ്രതികരണം തേജോവധം ചെയ്യാൻ ദുരുദ്ദേശ്യത്തോടെ പടച്ചുണ്ടാക്കിയതാണെന്നും ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് പി. ശശിയുടെ വാദം.
അഡ്വ. കെ. വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. നിയമനടപടിയിലേക്ക് നീങ്ങുകയാണ് പി. ശശി. നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് പി. ശശിക്കെതിരെ വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചത്. സിപിഐഎമ്മിന്റെ അന്തകനായത് പി. ശശി എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. അതിരൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളി പി. ശശിക്കെതി ഉന്നയിച്ചത്.
പി. ശശിയുടെ ധാർഷ്ട്യം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഒരു പാരലൽ ഭരണം പി. ശശി ഉണ്ടാക്കിയെന്നും പൊലീസിനെ അടക്കം ദുരുപയോഗം ചെയ്തുവെന്നുമാണ് അന്ന് വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചത്. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പി. ശശി വെള്ളാപ്പള്ളിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നതും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതും.