Source: Screengrab
KERALA

"ധൈര്യപൂർവം തുറന്നുപറച്ചിലിന് തയ്യാറായത് അഭിനന്ദനാർഹം"; പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ ആശ ആച്ചി ജോസഫിന് പിന്തുണയുമായി പി. സതീദേവി

പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ശ്രദ്ധയിൽപെടുത്തിയിരുന്നു, അതിൻ്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും പി. സതീദേവി പറഞ്ഞു...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര പ്രവർത്തക ആശ ആച്ചി ജോസഫിന് പിന്തുണയുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. പ്രമുഖരായവർക്കെതിരെ പരാതി നൽകുമ്പോൾ പരാതിക്കാരെ നിശബ്‌ദരാക്കാൻ സമ്മർദങ്ങൾ ഉണ്ടാകാറുണ്ടെന്ന് പി. സതീദേവി പ്രതികരിച്ചു. ആശ വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു. പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ശ്രദ്ധയിൽപെടുത്തിയിരുന്നു, അതിൻ്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും പി. സതീദേവി പറഞ്ഞു. ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ പൊതുസമൂഹത്തിൽ ഉള്ള ധാരണയുടെ ഭാഗമാണ്. ആശയുടെ തുറന്നെഴുത്ത് സ്വാഗതാർഹമാണ്. പെൺകുട്ടി ധൈര്യപൂർവം ഇക്കാര്യം തുറന്ന് പറയാൻ തയ്യാറായത് അഭിനന്ദനാർഹമെന്നും സതീദേവി പറഞ്ഞു.

മലയാള മനോരമയുടെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിലായിരുന്നു ആശ ആച്ചി ജോസഫിൻ്റെ തുറന്നുപറച്ചിൽ. ലൈംഗികാതിക്രമ കേസിൽ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും മൊഴി രേഖപ്പെടുത്താൻ നാല് ദിവസമെടുത്തുവെന്നും ആശ പറഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും പൊലീസ് എഫ്ഐആർ ഇട്ടില്ല. തനിക്കുമേൽ നിശബ്ദത അടിച്ചേൽപ്പിച്ചെന്നും ആശ പ്രതികരിച്ചു.

പി.ടി. കുഞ്ഞുമുഹമ്മദ് അധികാരം ഉപയോഗിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് ആശ ലേഖനത്തിൽ പറയുന്നുണ്ട്. ചലച്ചിത്ര അക്കാദമിയും സംസ്ഥാന സർക്കാരും വിഷയത്തിൽ എടുത്ത മൗനത്തിനെതിരെ ആശ രൂക്ഷവിമർശനം ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും മൊഴി രേഖപ്പെടുത്താൻ നാല് ദിവസമെടുത്തു. നവംബർ 24ന് മുഖ്യമന്ത്രിക്ക് കത്ത് എഴുതി. ചാനലുകളിൽ വാർത്ത വന്ന ഡിസംബർ എട്ടിന് പോലും എഫ്ഐആർ ഇട്ടിരുന്നില്ലെന്നും ആശ പറഞ്ഞു.

ഇങ്ങനെയൊരു പരാതി ലഭിച്ചയുടൻ അക്കാദമിയിൽ നിന്ന് പലരും തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആശ പറയുന്നു. പലരും തൻ്റെ നന്മയെ കരുതി മിണ്ടാതിരിക്കണം, പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പറഞ്ഞു. എന്നാൽ, മിണ്ടാതിരിക്കാൻ ആളുകൾ തന്നോട് പറഞ്ഞത് തനിക്കെതിരെ നടന്ന മറ്റൊരു അതിക്രമമായാണ് കാണാൻ കഴിയുന്നത്. ഒത്തുതീർപ്പിന് ശ്രമിച്ചവരോട് പറയാനുള്ളത് ആ അപമാനത്തിൽ നിന്ന് ഒഴിവാക്കണം എന്നാണെന്നും ആശ പറയുന്നു. ചലച്ചിത്ര അക്കാദമിയിൽ എങ്ങനെയാണ് ഇത്തരത്തിലുള്ള ആളുകൾ കടന്നുകൂടുന്നതെന്ന ചോദ്യവും ആശ മുന്നോട്ട് വയ്ക്കുന്നുണ്ട്. 2017ൽ സഹപ്രവർത്തക ആക്രമിക്കപ്പെട്ടതിന് ശേഷം ഡബ്ല്യു.സി.സി. സംഘടനയുണ്ടാക്കി ശബ്ദമുയർത്തി, അതിന് ഒൻപത് വർഷങ്ങൾക്കിപ്പുറവും ഒരു സ്ത്രീ തൊഴിലിടത്ത് ആക്രമിക്കപ്പെട്ടുവെന്നും ആശ ലേഖനത്തിൽ പറയുന്നു.

SCROLL FOR NEXT