കൊച്ചി: ട്വൻ്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന്‍. പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് ട്വൻ്റി 20 എൻഡിഎയിൽ ചേർന്നത് എന്ന് പി.വി. ശ്രീനിജൻ എംഎൽഎ ന്യൂസ് മലയാളത്തോട് പറഞ്ഞു. സാബു ജേക്കബ് നോർത്ത് ഇന്ത്യ ലക്ഷ്യം വച്ചുകൊണ്ടുള്ള രാഷ്‌ട്രീയ കച്ചവടമാണ് നടത്തിയത്. നന്നായി ബാറ്റ് ചെയ്യുന്ന ഒരാൾ റൺഔട്ട് ആയത് പോലെ, ട്വൻ്റി20 മത്സരം സാബു സ്വയം ഹിറ്റ് വിക്കറ്റായി എന്നും ശ്രീനിജൻ പരിഹസിച്ചു. പുത്തൻകുരിശ് പഞ്ചായത്തിലെ ഇരട്ടത്താപ്പ് കോൺഗ്രസ് അവസാനിപ്പിക്കണമെന്നും ശ്രീനിജൻ പറഞ്ഞു.
കിഴക്കമ്പലത്ത് നിരവധി പ്രവർത്തകർ രാജിവച്ചിട്ടുണ്ട്. സാബു ജേക്കബ് ഇന്ന് സംഘപരിവാർ നേതാവായി മാറിയിരിക്കുകയാണ്. ദേശീയ നേതാവായി പ്രധാനമന്ത്രിയുടെ കൂടെ വേദിയിലിരിക്കാൻ പോകുകയാണ്. ആ നേതാവിനെ കുന്നത്തുനാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് എങ്ങനെ ഉൾക്കൊള്ളാൻ കഴിയുമെന്നും ശ്രീനിജൻ എംഎൽഎ കൂട്ടിച്ചേർത്തു.