കോഴിക്കോട്: സംസ്ഥാന സർക്കാരുമായി പുതിയ പോർമുഖം തുറന്ന് പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനം. ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതിഷേധ റോഡ് ഷോ നടത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാമനാട്ടുകര മുതൽ വെങ്ങളം വരെ ദേശീയപാതയിലാണ് റോഡ് ഷോ നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് റോഡ് ഷോ. കേരളത്തെ അപമാനിക്കുന്ന നടപടിയാണിതെന്നും പ്രതിഷേധം എങ്ങനെ അറിയിക്കണമെന്ന് കൂട്ടായി ആലോചിക്കുമെന്നും മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് റോഡ് ഷോ നടത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്. സംസ്ഥാനത്തിന് സാമ്പത്തിക പങ്കാളിത്തമുള്ള പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നാണ് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത്.
ദേശീയപാത ഒന്നാം റീച്ച് ഉദ്ഘാടനത്തിലേക്ക് സ്ഥലം എംപിമാരെയും എംഎൽഎമാരെ ക്ഷണിക്കാത്തതിലും പ്രതിഷേധം ശക്തമാണ്. പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കാസർഗോഡ് തലപ്പാടി-ചെങ്കള റോഡിന്റെ സമാനന്തര ഉദ്ഘാടനം സി.എച്ച്. കുഞ്ഞമ്പു എംഎൽഎ നടത്തി.
മന്ത്രി റിയാസിനെ ഒഴിവാക്കിയതോടെ ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. അതിനാൽ തന്നെ പ്രധാനമന്ത്രിയുടെ പൊതുപരിപാടികളിൽ പിണറായി വിജയൻ പങ്കെടുക്കില്ല. എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും പരിപാടിയിൽ നിന്നും വിട്ടുനിൽക്കും. ബിജെപിയുടെ രാഷ്ട്രീയ സ്റ്റണ്ടാണിതെന്നും രാജീവ് ചന്ദ്രശേഖറിന് സ്വയം നാണക്കേട് തോന്നണമെന്നും മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചിരുനന്നു.
മന്ത്രി റിയാസിനെ കേന്ദ്രസർക്കാർ ക്ഷണിക്കാതിരിന്നത് തെറ്റാണെന്ന് തന്നെയാണ് കോൺഗ്രസിന്റെയും നിലപാട്. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുത്ത് പ്രതിഷേധിക്കുകയായിരുന്നു വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
അതേസമയം, കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തു തുടങ്ങി. ഹൈക്കോടതി ഉത്തരവുപ്രകാരമാണ് പരിപാടിയുടെ ഫ്ലക്സുകളും കൊടികളും നീക്കം ചെയ്യുന്നത്. കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ബോർഡുകൾ നീക്കം ചെയ്യുന്നത്. നഗരത്തിൽ ബിജെപി സ്ഥാപിച്ച കൊടികളും നീക്കം ചെയ്യുന്നുണ്ട്.