KERALA

കാലവർഷം ചതിച്ചു..! ദുരിതത്തിലായി പാലക്കാട്ടെ നെൽകർഷകർ; ഒന്നാംവിള കൃഷിയും താളംതെറ്റി

വളങ്ങളുടെ വിലയിലുണ്ടായ വർധനയും തൊഴിലാളികളുടെ ക്ഷാമവും കർഷകരെ ഇരട്ടി ദുരിതത്തിലാക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: കാലവർഷം ചതിച്ചതോടെ, വെള്ളമില്ലാതെ ദുരിതത്തിലാണ് പാലക്കാട്ടെ നെൽകർഷകർ. ഒന്നാംവിള നെൽകൃഷിയുടെ പണികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയാത്തതിനാല്‍ കടക്കെണിയിലാണെന്ന് പലരും. ഇതിനുപുറമെ വളങ്ങളുടെ വിലയിലുണ്ടായ വർധനയും തൊഴിലാളികളുടെ ക്ഷാമവും കർഷകരെ ഇരട്ടി ദുരിതത്തിലാക്കുകയാണ്.

നെല്ലിനങ്ങള്‍ വിളയുന്ന മണ്ണില്‍ പൊൻ കതിരുകൾ തളിരിടേണ്ട കാലമാണ്. എന്നാൽ കാലവർഷം ചതിച്ചതോടെ മഴയ്ക്കായി കാത്തിരിക്കുകയാണ് കർഷകർ. കിഴക്കൻ മേഖലയിൽ ആകാശത്ത് ഉരുണ്ട് കൂടുന്ന കാർമേഘങ്ങൾ പെയ്യാൻ മടിച്ചു നിൽക്കുകയാണ്. കനാൽ വെള്ളം ഇല്ലാത്തതും കർഷകർക്ക് തിരിച്ചടിയായി. ഇതോടെ ഞാറ്റടി തയ്യാറാക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പാലക്കാട്ടെ നെൽ കർഷകർ. ഇടയ്ക്ക് പെയ്യുന്ന മഴയില്‍ പാടശേഖരങ്ങളിൽ ആവശ്യത്തിന് വെള്ളം കെട്ടിനിർത്താൻ സാധിക്കുന്നില്ല. കാലവർഷത്തെ പ്രധാന ഞാറ്റുവേലകളിലൊന്നായ മകീര്യത്തിലും കാര്യമായ മഴ ലഭിക്കാതെ വന്നതോടെ ഇനിയുള്ള പ്രതീക്ഷ തിരുവാതിരയിലാണ്.

മൂപ്പെത്തിയ ഞാറ്റടികൾ യഥാസമയത്ത് പറിച്ചുനടാൻ കഴിയാതെ വന്നാൽ വിളവിനെ ബാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിൽ പൊടിവിത പാളിയതോടെ ഞാറ്റടി തയ്യാറാക്കി, പറിച്ചുനടേണ്ട സ്ഥിതിയുണ്ടായി. രണ്ടാംവിള നെല്ലിൻ്റെ വില ലഭിക്കാത്ത സാഹചര്യത്തിൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കടം വാങ്ങിയാണ് പലരും ഒന്നാംവിളയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. വളങ്ങൾക്ക് വില കൂടിയതും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ കൂടി കൃഷിപ്പണികൾക്ക് പ്രയോജനപ്പെടുത്താൻ അധികൃതർ ഇടപെട്ട് സഹായിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

SCROLL FOR NEXT