അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ട പാലായിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പതിനൊന്നിനാണ് തിരഞ്ഞെടുപ്പ്. എൽഡിഎഫിന്റെയും വിമത കോൺഗ്രസ് കൗൺസിലർമാരുടെയും പിന്തുണയോടെ സ്വതന്ത്ര അംഗം മായ രാഹുലും യുഡിഎഫിനായി റിയാ ബിനോയുമാണ് മത്സരരംഗത്തുള്ളത്.
പുളിക്കക്കണ്ടം കുടുംബത്തിനെതിരെ ഒരുവിഭാഗം കോൺഗ്രസ് കൗൺസിലർമാർ നിലപാടെടുത്തതോടെയാണ് നഗരസഭ ഭരണത്തിൽ പൊട്ടത്തെറി ഉണ്ടായത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ നാല് കോൺഗ്രസ് കൗൺസിലർമാര്‍ പിന്തുണച്ചതോടെയാണ് ദിയ ബിനു പുളിക്കക്കണ്ടത്തിന് സ്ഥാനം നഷ്ടമായത്.
നിലവിൽ മായ രാഹുൽ വിജയിച്ചു വരാനുള്ള സാധ്യതയാണ് തെളിയുന്നത്. എങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് യുഡിഎഫിന്റെ തീരുമാനം. നിലവില്‍ ഒന്‍പത് പേരാണ് യുഡിഎഫിനൊപ്പം നില്‍ക്കുന്നത്. ഇതില്‍ മൂന്നുപേര്‍ പുളിക്കക്കണ്ടം കുടുംബത്തിലെ കൗണ്‍സിലര്‍മാരാണ്. ഇവരുമായി ചര്‍ച്ച നടത്തിയാണ് എട്ടാം വാര്‍ഡിലെ ചെറുപ്പക്കാരിയായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ റിയ ബിനോ ചീരാംകുഴിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കോൺഗ്രസ് കൗൺസിലർമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കോട്ടയം ഡിസിസി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
വിമത കോൺഗ്രസ് കൗൺസിലർമാർക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ടോണി തൈപ്പറമ്പിൽ,ബിജു മാത്യൂസ്, രജിത പ്രകാശ്, ലിസി കുട്ടി മാത്യു എന്നിവരാണ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത്. ഇതിൽ ലിസികുട്ടി കോൺഗ്രസ് ക്യാമ്പിലേക്ക് തിരിച്ചുപോകാൻ നേതൃത്വവുമായി ചർച്ച നടത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിന്റെ വിധി എന്താകുമെന്ന് പൂർണമായും പ്രവചിക്കാൻ കഴിയില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.