കൊല്ലം: കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളെ സന്ദർശിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ജയിലിൽ കഴിയുന്ന സന്ദീപ് വാര്യരെയും പ്രവർത്തകരെയും കാണാനാണ് രാഹുൽ എത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ അടക്കമുള്ളവർ ജയിലിന് മുന്നിലെത്തി രാഹുലിനെ സ്വീകരിച്ചു.
പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തിൽ പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ പതിനേഴ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സന്ദീപ് വാര്യര്‍ ആണ് കേസില്‍ ഒന്നാം പ്രതി.
അതേസമയം ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. വിഷയത്തിൽ മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞുകൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് അമ്പലം വിഴുങ്ങി സർക്കാർ വിചാരിക്കേണ്ടെന്നായിരുന്നു രാഹുലിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തിൽ, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ ‘അമ്പലം വിഴുങ്ങി സർക്കാർ’ വിചാരിക്കേണ്ട. ആ മസാല പുരട്ടിയ വാർത്തകൾക്ക് പിന്നാലെ പോകാൻ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യർ തയാറല്ല.
ഞങ്ങൾക്ക് ഉത്തരം തരേണ്ടത് ഏതെങ്കിലും ‘അവതാരമോ’ , ഉദ്യോഗസ്ഥരോ , ദേവസ്വം ബോർഡോ അല്ല മറിച്ച് ഈ നാട് ഭരിക്കുന്ന സർക്കാരാണ്.
ഒരുപാട് ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിലനിർത്തി, സംശയത്തിന്റെ അനുകൂല്യത്തിൽ, കട്ട സ്വർണ്ണത്തിന്റെ പണക്കൊഴുപ്പിന്റെ PR ഇൽ രക്ഷപെടാം എന്ന് സർക്കാർ വിചാരിക്കേണ്ട.
ഞങ്ങളുടെ ഒന്നാമത്തെ ചോദ്യവും രണ്ടാമത്തെ ചോദ്യവും തൊട്ട് അവസാനത്തെ ചോദ്യം വരെ ഇതാണ്,
1. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ?
2. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ?
3. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ?
ഈ ചോദ്യം ഇങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും, ഉത്തരം കിട്ടും വരെ.
നാടിനെ കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സർക്കാരിന് എതിരെ ഈ നാട് മതങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമായി സംഘടിക്കും, സംസാരിക്കും, പ്രതികരിക്കും.…