പാലക്കാട് മുതലമടയില്‍ ആദിവാസി യുവാവിനെ പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ പിടികൂടാനാവാതെ പൊലീസ്. മുഖ്യപ്രതി വെസ്റ്റേണ്‍ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെയാണ് ഇതുവരെ പൊലീസിന് പിടികൂടാന്‍ സാധിക്കാത്തത്. സംഭവം നടന്ന് ഒരു മാസത്തോടടുക്കുമ്പോഴും പ്രതി ഒളിവിലെന്ന വിചിത്ര വാദമുയര്‍ത്തുകയാണ് പൊലീസ്.
പ്രതിക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ ഫാംസ്റ്റേ ഉടമയുടെ അമ്മയെ മാത്രമാണ് അറസ്റ്റ് ചെയ്തത്. തുടക്കത്തില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
ഓഗസ്റ്റ് 21 നായിരുന്നു മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിലെ വെള്ളയന്‍ എന്ന യുവാവ് അതിക്രൂര മര്‍ദനത്തിനിരയായത്. ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ടു എന്നാണ് പരാതി. ഇന്നലെ രാത്രി മുതലമട പഞ്ചായത്ത് മെമ്പര്‍ കല്‍പ്പനാ ദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് വെള്ളയനെ രക്ഷപ്പെടുത്തിയത്.