ഡോ. വി.പി. സുഹൈബ് മൗലവി 
KERALA

"അനാവശ്യ നിയന്ത്രണം ആവശ്യമില്ല, സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ല"; കാന്തപുരത്തെ തള്ളി പാളയം ഇമാം സുഹൈബ് മൗലവി

ഖുറാനും ഹദീസും ഉദ്ധരിച്ചും, ഇസ്ലാമിക ചരിത്രവും, ഇന്ത്യന്‍ മുസ്ലീങ്ങളുടെ ചരിത്രവും പരാമര്‍ശിച്ചായിരുന്നു പാളയം ഇമാമിന്റെ പ്രസംഗം

Author : ന്യൂസ് ഡെസ്ക്

മുസ്ലീം സ്ത്രീകള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമര്‍ശങ്ങളെ സ്ത്രീപക്ഷ നിലപാടുകൊണ്ട് എതിര്‍ത്ത് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഖുറാനില്‍ ഒരു തരത്തിലുള്ള ലിംഗ വിവേചനവുമില്ല. സ്ത്രീ പുരുഷൻമാർക്കിടയിലുള്ള തുല്യതയാണ് ഇസ്ലാം മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ലെന്നും പാളയം ഇമാം ഓര്‍മിപ്പിച്ചു. വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിലാണ് സ്ത്രീകളുടെ സാമുഹിക ഇടപെടല്‍ സംബന്ധിച്ച് ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ചുകൊണ്ട് ഇമാം നിലപാട് വ്യക്തമാക്കിയത്.

ഇസ്ലാം ഒരിക്കലും സ്ത്രീകളുടെ സാമുഹിക ഇടപെടലുകള്‍ക്കോ, പൊതുപങ്കാളിത്തത്തിനോ ഒരു നിലയ്ക്കും എതിരല്ലെന്ന് ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. വിശ്വാസികള്‍ എന്ന നിലയില്‍ ഇസ്ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാകണം സ്ത്രീകളും പുരുഷന്മാരും പൊതുവേദികളില്‍ പങ്കെടുക്കേണ്ടത്. ഒരു വശത്ത് തീവ്ര യാഥാസ്ഥിതിക നിലപാട്. അരുതുകളുടെ, പാടില്ലകളുടെ നിലപാട്. മറുവശത്ത് ലിബറലിസത്തിന്റെ നിലപാട്. ഇസ്ലാമിന്റെ നിലപാട് എന്ന് പറയുന്നത്, യാഥാസ്ഥിതിക-ലിബറല്‍ നിലപാടുകളുടെ മധ്യേയാണ്. മധ്യമസമൂഹമാണ് ഇസ്ലാമിക സമൂഹം. മധ്യമസമൂഹമായി നിലനിന്നുകൊണ്ട് സ്വീകരിക്കാനാകുന്ന നിലപാടുകളാണ് ഖുറാനിലും ഹദീസുകളിലും പങ്കുവച്ചിട്ടുള്ളത്. ഖുറാനിലും ഹദീസുകളിലും എപ്രകാരമാണോ ഉള്ളത് അപ്രകാരം തന്നെ സമൂഹത്തിന് കൈമാറ്റം ചെയ്യണം. അനാവശ്യ നിയന്ത്രണങ്ങള്‍ ആവശ്യമില്ല. പക്ഷേ, ഖുറാനും ഹദീസും മുന്നോട്ടുവയ്ക്കുന്ന ദീനിയായ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിക്കാനും ആകില്ല. ആയൊരു രീതിയിലുള്ള നിലപാടുമായി മുന്നോട്ടുപോകുക എന്നതാണ് ഇസ്ലാമിക സമൂഹം സ്വീകരിക്കേണ്ടത്.

അള്ളാഹുവിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണ് എല്ലാ രംഗത്തും സ്ത്രീകളും പുരുഷന്മാരും പ്രവര്‍ത്തിക്കേണ്ടത്. അതു തന്നെയാണ് ഖുറാനും ആഹ്വാനം ചെയ്യുന്നത്. പ്രവാചകകാലത്തു തന്നെ സ്ത്രീ പൊതുരംഗത്തുണ്ടായിരുന്നു. സത്യവിശ്വാസിയായിക്കൊണ്ട് സ്ത്രീയോ പുരുഷനോ സല്‍പ്രവൃത്തി ചെയ്താല്‍ അതിന്റെ പ്രതിഫലം അവരുടെ ജീവിതത്തില്‍ കാണും. ഇക്കാര്യത്തില്‍ ലിംഗവിവേചനമില്ല. സല്‍പ്രവൃത്തിക്ക് സ്ത്രീപുരുഷ വേര്‍തിരിവില്ലാതെയാണ് പ്രതിഫലം നല്‍കുന്നതെന്ന് ഖുറാനെ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ച ഡോ. വി.പി. സുഹൈബ് മൗലവി ഇന്ത്യന്‍ മുസ്ലീങ്ങളുടെ പാരമ്പര്യവും ഓര്‍മിപ്പിച്ചു. പര്‍ദയിട്ടുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍, സ്വാതന്ത്ര്യ സമരത്തില്‍ മുന്‍നിരയില്‍ പങ്കെടുത്തവരുണ്ട്. അന്നും ചില യാഥാസ്ഥിതിക പണ്ഡിതന്മാര്‍ അത് ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ, മുസ്ലീം സ്ത്രീകളുടെ സജീവ സാന്നിധ്യവും പങ്കാളിത്തവും എവിടെയും ഉണ്ടായിരുന്നു. എന്നാല്‍, പിന്നീടുവന്ന ചില യാഥാസ്ഥിതിക കൂട്ടായ്മകളാണ് ഇതൊന്നും പാടില്ല എന്ന അരുതുകള്‍ കൊണ്ടുവന്നത്. സൂക്ഷ്മതയോടുകൂടി സ്ത്രീകള്‍ സമൂഹത്തില്‍ ഇറങ്ങുക എന്നതു തന്നെയാണ് ഇസ്ലാമിന്റെ നിലപാടെന്നും ഖുറാനും ഹദീസും ഉദ്ധരിച്ചും, ഇസ്ലാമിക ചരിത്രവും, ഇന്ത്യന്‍ മുസ്ലീങ്ങളുടെ ചരിത്രവും പരാമര്‍ശിച്ചും പാളയം ഇമാം ഓര്‍മിപ്പിച്ചു.

SCROLL FOR NEXT