കോഴിക്കോട്: പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി വ്യാപാരികള്‍. പുതിയ കെട്ടിടത്തില്‍ കടമുറികള്‍ അനുവദിക്കുന്നതിനുള്ള നറുക്കെടുപ്പ് പുരോഗമിക്കുകയാണ്. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ല എന്ന നിലപാടിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍. ഈ മാസം തന്നെ പുതിയ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടത്താനാണ് നീക്കം.
പ്രസിദ്ധമായ പാളയം പച്ചക്കറി മാര്‍ക്കറ്റ്. കോഴിക്കോട്ടെ വാണിജ്യ പ്രതാപത്തിന്റെ ഈറ്റില്ലം. ഈ നഗരത്തിന്റെ മുഖമുദ്ര. എന്നാല്‍ വിശേഷണങ്ങള്‍ക്കപ്പുറം ഇനി ഈ മാര്‍ക്കറ്റ് വെറും ഓര്‍മകളില്‍ മാത്രം അവശേഷിക്കും. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലെ അത്യാധുനിക സൗകര്യമുള്ള പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറുകയാണ്.
മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റാനുളള തീരുമാനത്തിനെതിരെ കഴിഞ്ഞ 15 വര്‍ഷമായി സമരത്തിലാണ് വ്യാപാരികളും കച്ചവടക്കാരും. കടമുറികള്‍ വ്യാപാരികള്‍ക്ക് നല്‍കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുന്നതിനിടെയും പ്രതിഷേധ മാര്‍ച്ചുമായി വ്യാപാരികളും കച്ചവടക്കാരും എത്തി.
മാര്‍ക്കറ്റ് പാളയത്തു തന്നെ നിലനിര്‍ത്തി കൂടുതല്‍ വിപുലപ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അതിനായി ഈ മാസം എട്ടിന് തങ്ങളുടെ കുടുംബാംഗങ്ങളെ അടക്കം അണിനിരത്തി കോര്‍പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് ഇവരുടെ തീരുമാനം. കോര്‍പ്പറേഷന്റെ തീരുമാനത്തെ എന്തു വില കൊടുത്തും തടയും എന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് മാര്‍ക്കറ്റിലെ കച്ചവടക്കാരും തൊഴിലാളികളും.
അതേസമയം പ്രതിഷേധം എന്തിനെന്ന് അറിയില്ലെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. വ്യാപാരികളുമായി പല തവണ ചര്‍ച്ച നടത്തിയതാണ്. മാര്‍ക്കറ്റ് മാറ്റാന്‍ പാടില്ല എന്ന കാര്യം ഒഴിച്ച് വ്യാപാരികളുടെ എല്ലാ നിബന്ധനകളും കോര്‍പ്പറേഷന്‍ അംഗീകരിച്ചതാണെന്നും അധികൃതര്‍ പറയുന്നു.
കല്ലുത്താന്‍ കടവ് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് അഞ്ചര ഏക്കറോളം വരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 60 കോടി രൂപയാണ് കെട്ടിടത്തിന്റെ നിര്‍മാണ ചെലവ്. കെട്ടിടത്തിന്റെ ടെറസില്‍ ഒരേസമയം 200 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ചരക്ക് കൊണ്ടുപോകുന്നതിനും വരുന്നതിനുമടക്കം വലിയ സൗകര്യങ്ങളാണ് വ്യാപാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 156 ലൈസന്‍സ് കച്ചവടക്കാരെ പുനരധിവസിപ്പിക്കും. തെരുവുകച്ചടവക്കാരുടെ പുനരധിവാസവും ഉറപ്പാക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. സമയമെടുത്ത് മാറ്റം ഉള്‍ക്കൊള്ളാന്‍ വ്യാപാരികള്‍ക്ക് സാധിക്കുമെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.