എകെജി സെന്ററും എം.എന്‍. സ്മാരകവും സന്ദര്‍ശിച്ച് കേരളത്തിലെത്തിയ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷാവേഷ്. പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിനും പിന്തുണയ്ക്കും ഷാവേഷ് നന്ദി പറഞ്ഞു.
സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രായേല്‍ നിഷേധിച്ചുപോരുന്നത്. പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനൊപ്പമാണ് എക്കാലവും നിലകൊള്ളുന്നതെന്ന് സിപിഐഎം അറിയിച്ചു. മറ്റന്നാള്‍ കോഴിക്കോട് നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സിലും ഷാവേഷ് പങ്കെടുക്കും.
എകെജി സെന്ററില്‍ ടി.എം. തോമസ് ഐസക്ക്, പുത്തലത്ത് ദിനേശന്‍, മന്ത്രി പി. രാജീവ്, സിപിഐഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.വി. ജയരാജന്‍, സി.എന്‍. മോഹനന്‍, കെ. ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം അബു ഷാവേഷ് മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദര്‍ശിച്ചിരുന്നു. കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്ന് പലസ്തീന്‍ അംബാസിഡറോട് പറഞ്ഞു.
എല്ലാ രാജ്യാന്തര കണ്‍വെന്‍ഷനുകളും യുഎസിന്റെ പിന്തുണയോടെ അട്ടിമറിച്ചുകൊണ്ടാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചു പോരുന്നത്. പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനൊപ്പമാണ് കേരളം. യുഎന്‍ പ്രമേയത്തിന് അനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള പലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാന്‍ ഐക്യരാഷ്ട്ര സംഘടനയും രാജ്യാന്തര സമൂഹവും അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നുമാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.