പാലോട് രവി 
KERALA

''നാണവും മാനവുമില്ലേ ഈ സ്ഥാനത്ത് ഇരുന്ന് ഇങ്ങനെ പറയാന്‍?''; പാലോട് രവിക്കെതിരെ സൈബര്‍ ആക്രമണം

എല്‍ഡിഎഫ് മൂന്നാമതും ഭരണത്തില്‍ വരുമെന്ന രവിയുടെ ഫോണ്‍ സംഭാഷണ ശകലം പുറത്തുവന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

Author : ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരെ സൈബര്‍ ആക്രമണം. ശബ്ദ സന്ദേശം പുറത്തായതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം. പാലോട് രവിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴിലാണ് അസഭ്യവര്‍ഷം.

അന്തിച്ച ഡിസിസി ജന സെക്രട്ടറി ജേക്കബിന് ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട് കുറവന്‍കോണം ജംഗ്ഷനില്‍ നടന്ന സര്‍വ്വകക്ഷി അനുശോചന സമ്മേളനത്തില്‍ പങ്കെടുത്തു എന്ന് കുറിച്ചു കൊണ്ട് രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് കീഴിലടക്കമാണ് അസഭ്യവര്‍ഷം.

''നാണവും മാനവുമില്ലേ ഈ സ്ഥാനത്ത് ഇരുന്ന് ഈ വര്‍ത്തമാനം പറയാന്‍, പോയി മലപ്പുറം ഡിസിസി അധ്യക്ഷന്‍ ജോയിയെ കണ്ടു പഠിക്ക് പണിയെടുക്കാന്‍ അറിയില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോ'' എന്നു തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

എല്‍ഡിഎഫ് മൂന്നാമതും ഭരണത്തില്‍ വരുമെന്ന രവിയുടെ ഫോണ്‍ സംഭാഷണ ശകലം പുറത്തുവന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വിവാദമായതോടെ ന്യായീകരണവുമായി പാലോട് രവി രംഗത്തെത്തി. ഒരു പ്രവര്‍ത്തകന് നല്‍കിയ ഉപദേശമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം.

അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂക്കുംകുത്തി താഴെ വീഴുമെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പാലോട് രവി പറയുന്നത്. ബിജെപി കാശ് കൊടുത്ത് വോട്ട് വാങ്ങും. തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നും പാലോട് രവി കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് പറയുന്നു. എന്നാല്‍, ആ ശബ്ദ സന്ദേശം പുറത്തു വരാന്‍ പാടില്ലായിരുന്നുവെന്നും ഒരു പ്രവര്‍ത്തകന് നല്‍കിയ ഉപദേശമാണെന്നുമായിരുന്നു പാലോട് രവിയുടെ വിശദീകരണം.

'വാര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് ആളില്ല. നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ പത്ത് ശതമാനം സ്ഥലത്തെ നമുക്ക് ആളുകളുള്ളു. ഇത് മനസിലാക്കാതെ മുന്നോട്ട് പോയാല്‍ വെറുതെ വീരവാദം പറഞ്ഞു നമുക്ക് നടക്കാമെന്നേയുള്ളൂ. ഈ പാര്‍ട്ടിയെ ഗ്രൂപ്പും താല്‍പ്പര്യവും പറഞ്ഞു കുഴിച്ചുമൂടുന്നതിന്റെ ഉത്തരവാദിത്തം നമുക്കാണ്,' പാലോട് രവി പറഞ്ഞു.

കോണ്‍ഗ്രസിനുള്ളിലെ ഭിന്നതകള്‍ മാറി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പാലോട് രവി പറഞ്ഞു. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് കമ്മറ്റികളില്‍ പറയുന്നത്. താഴെത്തട്ടിലുള്ള സംഘടന ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണം. യുഡിഎഫ് തിരിച്ചു വരണമെന്ന സന്ദേശമാണ് നല്‍കിയതെന്നും രവി വിശദീകരിച്ചു. വളരെ സദുദ്ദേശ്യപരമായാണ് സംസാരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും കെപിസിസി പ്രസിഡന്റുമായി സംസാരിക്കുമെന്നും പാലോട് രവി പറഞ്ഞിരുന്നു.

SCROLL FOR NEXT