ശബ്ദ സന്ദേശ വിവാദത്തില്‍ തിരുവഞ്ചൂരിന്റെ നേതൃത്വത്തില്‍ അന്വേഷണം Source: News Malayalam 24x7
KERALA

പാലോട് രവിയുടെ ശബ്‌ദ സന്ദേശ വിവാദം: കെപിസിസി അച്ചടക്ക സമിതി അന്വേഷിക്കും; തിരുവഞ്ചൂർ രാധാകൃഷ്ണന് ചുമതല

വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കെപിസിസി നിർദേശം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കെപിസിസി നിർദേശം.

മൂന്ന് മാസം മുൻപ്, വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലുമായി അന്ന് തിരുവനന്തപുരം അധ്യക്ഷനായിരുന്ന പാലോട് രവി നടത്തിയ സംഭാഷണം പുറത്തുവന്നത് വലിയ രാഷ്ട്രീയ ചർച്ചകള്‍ക്കാണ് വഴിവെച്ചത്. 'കോൺഗ്രസ് എടുക്കാ ചരക്ക് ആയി മാറുകയാണ്, ഇങ്ങനെ പോയാൽ പാർട്ടി ഉച്ചിയും കുത്തി വീഴും, മൂന്നാമതും മാർക്സിസ്റ്റ് ഭരണം തുടരും...," എന്നിങ്ങനെയായിരുന്നു പാലോട് രവിയുടെ ശബ്ദ സന്ദേശം.

ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ പാലോട് രവി ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു. പകരം കെപിസിസി വൈസ് പ്രസിഡന്റ് എന്‍. ശക്തനാണ് ചുമതല നല്‍കിയത്. താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഡിസിസി പ്രസിഡന്റുമാരില്‍ മാറ്റം വരുമെന്നാണ് എന്‍. ശക്തന്‍ മാധ്യമങ്ങളെ അറിയിച്ചത്.

അതേസമയം, സ്വകാര്യ ഫോൺ സംഭാഷണം പുറത്തുവിട്ട് കോൺഗ്രസിനെ വെട്ടിലാക്കിയത് പാർട്ടിയിൽ ഉള്ളവർ തന്നെയാണെന്നാണ് പാലോട് രവിയുമായി സംസാരിച്ച കോൺഗ്രസ് പ്രവർത്തകൻ എ. ജലീലിന്റെ ആരോപണം. മണ്ഡലം പ്രസിഡൻ്റ് എം.എ. ദിൽബറും സംഘവും നടത്തിയ ആസൂത്രിത നീക്കമാണിത്. പാലോട് രവിയും താനും സംസാരിച്ചത് പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചാണെന്നുമാണ് ജലീല്‍ പറയുന്നത്.

കെപിസിസി അച്ചടക്ക സമിതി ജലീലിന്റെ മൊഴിയെടുക്കും. ജലീലിന്റെ ഗൂഢാലോചനാ വാദത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും മൊഴി രേഖപ്പെടുത്തും. ഫോണ്‍ സംഭാഷണം എങ്ങനെ ചോർന്നു എന്നതും അന്വേഷിക്കും. പ്രദേശിക തലത്തില്‍ ഭിന്നതകളുണ്ടോ എന്ന കാര്യത്തിലും അന്വേഷണമുണ്ടാകും.

SCROLL FOR NEXT