മലപ്പുറം: ആഡംബര കാർ വിവാദത്തിൽ കെ.എം. ഷാജിയെ പരസ്യമായി താക്കീത് ചെയ്ത് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. വിവാദം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ലീഗിൽ നേരത്തെ തന്നെ പെരുമാറ്റ ചട്ടം ഉണ്ടെന്നും തങ്ങൾ പറഞ്ഞു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും, ജനപ്രതിനിധികൾക്ക് നേരത്തെ തന്നെ പാർട്ടി നിർദേശം നൽകിയിട്ടുണ്ടെന്നും തങ്ങൾ വ്യക്തമാക്കി. പാർട്ടിയുടെ ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും എപ്പോഴും വേണ്ട നിർദേശങ്ങൾ നൽകാറുണ്ട്.
ലീഗിന് നേരത്തെ തന്നെ കൃത്യമായ പെരുമാറ്റച്ചട്ടമുള്ളതിനാൽ ഇപ്പോൾ പുതുതായി ഒരു ചട്ടം ഉണ്ടാക്കേണ്ട സാഹചര്യമില്ലെന്നും തങ്ങൾ പറഞ്ഞു. മുൻ കാലങ്ങളിൽ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് പാർട്ടിക്ക് തോന്നിയ സന്ദർഭങ്ങളിൽ അവരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അവർ അതിന് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയുടെ ശൈലി അനുസരിച്ച് തന്നെ ഈ വിഷയത്തിലും മുന്നോട്ട് പോകാൻ കഴിയൂ എന്ന മുന്നറിയിപ്പും തങ്ങൾ നൽകി.