കോഴിക്കോട്: പന്തിരങ്കാവ് ടോൾ പിരിവ് ആരംഭിക്കുന്നത് വൈകുമെന്ന് അധികൃതർ. ഇന്ന് രാത്രി മുതൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ പിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള റീച്ചിലെ ടോൾ പിരിവാണ് ആരംഭിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ അഞ്ചുദിവസത്തെ ട്രയൽ റണ്ണിന് ശേഷം ടോൾ പിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അധികൃതർ അറിയിച്ചിരുന്നു. മഹാരാഷ്ട്ര ആസ്ഥാനമായ ഹുലേ കൺസ്ട്രക്ഷൻസിനാണ് ടോളിൻ്റെ നടത്തിപ്പ് ചുമതല നൽകിയിരുന്നത്. വിവിധ വാഹനങ്ങൾക്കുള്ള ടോൾ നിരക്കുകൾ ദേശീയ പാത അതോറിറ്റി ഡിസംബർ അവസാനത്തോടെ പുറത്തുവിട്ടിരുന്നു.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് 340 രൂപയുടെ പാസെടുത്താൽ ഒരുമാസത്തേക്ക് എത്രതവണ വേണമെങ്കിലും യാത്ര നടത്താവുന്നതാണ്. അതേസമയം, സർവീസ് റോഡുകളുടെ പണി പൂർണമായി പൂർത്തിയാക്കാതെ ടോൾ പിരിക്കരുതെന്ന് ആവശ്യമായി നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ട്.