മരിച്ച രാജൻ, എസ്എച്ച്ഒ ഓടിച്ച കാർ Source: News Malayalam 24x7
KERALA

ജീവനെടുത്തത് പൊലീസുകാരനോ? വയോധികനെ ഇടിച്ച കാറോടിച്ചത് എസ്എച്ച്ഒ തന്നെ; സ്റ്റേഷനിൽ എത്തിച്ചത് തെളിവ് നശിപ്പിച്ച ശേഷം

കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് അപകടത്തിൽ മരിച്ച രാജന്റെ കുടുംബം പറയുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനം ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ കാറോടിച്ചത് പാറശാല എസ്എച്ച്ഒ അനിൽ കുമാർ തന്നെയെന്ന് കണ്ടെത്തി. അപകടത്തിന്റെ തെളിവ് നശിപ്പിക്കാൻ അനിൽ കുമാർ ശ്രമം നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി. പ്രാഥമിക പരിശോധനയിൽ പൊലീസുകരാൻ്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിട്ടുണ്ടെന്നും കർശന നടപടിയുണ്ടാവുമെന്നും റൂറൽ എസ്‌പി ന്യൂസ് മലയാളത്തോട് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനം എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇടിച്ച വാഹനം തിരുവല്ലം ടോൾ പ്ലാസ കടന്നു പോകുന്ന ദൃശ്യങ്ങൾ ആണ് പൊലീസിന് ലഭിച്ചത്.

അപകടത്തിന് ശേഷം തെളിവ് നശിപ്പിച്ചതിന് ശേഷമാണ് വാഹനം സ്റ്റേഷനിൽ എത്തിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അപകടത്തിന് ശേഷം വർക്‌ഷോപ്പിൽ കയറ്റി പെയിൻറ് അടിച്ചു. മിറർ മാറ്റിയതിന് ശേഷമാണ് എസ്ച്ച്ഒ വാഹനം സ്റ്റേഷനിൽ എത്തിച്ചത്.

കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് അപകടത്തിൽ മരിച്ച രാജന്റെ കുടുംബം പറയുന്നത്. ഒന്നര മണിക്കൂറോളമാണ് രാജൻ ചോരയൊലിച്ച് കിടന്നത്. അപകടത്തിന് പിന്നാലെ രാജൻ എഴുന്നേറ്റ് നടന്നിരുന്നെന്നാണ് കേട്ടത്. എങ്കിൽ പൊലീസുകാരന് രാജനെ ആശുപത്രിയിൽ കൊണ്ടുപോകാമായിരുന്നല്ലോ. പൊലീസല്ല, ആരാണെങ്കിലും ഇടിച്ചിട്ട് ആശുപത്രിയിൽ പോലും കൊണ്ടുപോകാതെ പോകുന്നത് ശരിയാണോ എന്നാണ് കുടുംബത്തിൻ്റെ ചോദ്യം. പൊലീസുകാരനെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

SCROLL FOR NEXT