മരിച്ച രാജൻ, എസ്എച്ച്ഒ ഓടിച്ച കാർ Source: News Malayalam 24x7
KERALA

കിളിമാനൂരിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പാറശാല എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

പാറശാല എസ്എച്ച്ഒ അനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പാറശാല എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. പാറശാല എസ്എച്ച്ഒ അനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. എസ്എച്ച്ഒയ്ക്കെതിരെ നടപടിക്ക് റൂറൽ എസ്പി ശുപാർശ ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ദക്ഷിണമേഖല ഐജിക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ റിപ്പോട്ടിൻ മേലാണ് നടപടിയെടുത്തത്. കാർ ഇടിച്ചിട്ട് നിർത്താതെ പോയതിനോടൊപ്പം തെളിവ് നശിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് എസ്എച്ച്ഒയ്ക്കെതിരെ നടപടി എടുത്തത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. കിളിമാനൂർ സ്വദേശി രാജനാണ് അപകടത്തിൽ മരിച്ചത്. ഒന്നര മണിക്കൂറോളമാണ് രാജൻ ചോരയൊലിച്ച് കിടന്നത്. അന്വേഷണത്തിൽ രാജനെ ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനം എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇടിച്ച വാഹനം തിരുവല്ലം ടോൾ പ്ലാസ കടന്നു പോകുന്ന ദൃശ്യങ്ങൾ ആണ് പൊലീസിന് ലഭിച്ചത്. അപകടത്തിന് ശേഷം തെളിവ് നശിപ്പിച്ചതിന് ശേഷമാണ് വാഹനം സ്റ്റേഷനിൽ എത്തിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അപകടത്തിന് ശേഷം വർക്‌ഷോപ്പിൽ കയറ്റി പെയിൻ്റ് അടിക്കുകയും മിറർ മാറ്റുകയും ചെയ്ത ശേഷമാണ് എസ്ച്ച്ഒ വാഹനം സ്റ്റേഷനിൽ എത്തിച്ചത്.

കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് അപകടത്തിൽ മരിച്ച രാജന്റെ കുടുംബം പറയുന്നത്. അപകടത്തിന് പിന്നാലെ രാജൻ എഴുന്നേറ്റ് നടന്നിരുന്നെന്നാണ് കേട്ടത്. എങ്കിൽ പൊലീസുകാരന് രാജനെ ആശുപത്രിയിൽ കൊണ്ടുപോകാമായിരുന്നല്ലോ. പൊലീസല്ല, ആരാണെങ്കിലും ഇടിച്ചിട്ട് ആശുപത്രിയിൽ പോലും കൊണ്ടുപോകാതെ പോകുന്നത് ശരിയാണോ എന്നാണ് കുടുംബത്തിൻ്റെ ചോദ്യം. പൊലീസുകാരനെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

SCROLL FOR NEXT