സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക് Source; News Malayalam 24X7
KERALA

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; സ്കൂൾ അധികൃതർക്കെതിരെ പരാതിപ്പെട്ട് കുടുംബം

കഴിഞ്ഞ മാസം രണ്ടാം തിയതിയാണ് കോഴിക്കോട് സെന്‍റ് ജോസഫ് ബോയ്സ് സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റത്. സ്കൂൾ അധികൃതർ ഉടൻ തന്നെ കുട്ടിയെ ബീച്ച് ആശുപത്രിയിൽ എത്തിക്കുകയും, കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റതിൽ സ്കൂള്‍ അധികൃതർക്കെതിരെ പരാതിയുമായി കുടുംബം. സ്കൂളിന്‍റെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ചയുണ്ടായെന്നും, അപകടത്തിന് ശേഷം സ്കൂള്‍ അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ കുടുംബത്തിന്‍റെ ആരോപണം പൂർണ്ണമായി തള്ളുകയാണ് സ്കൂൾ.

കഴിഞ്ഞ മാസം രണ്ടാം തിയതിയാണ് കോഴിക്കോട് സെന്‍റ് ജോസഫ് ബോയ്സ് സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റത്. സ്കൂൾ അധികൃതർ ഉടൻ തന്നെ കുട്ടിയെ ബീച്ച് ആശുപത്രിയിൽ എത്തിക്കുകയും, കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. മാതാപിതാക്കള്‍ എത്തിയതിനുപിന്നാലെ, ആശുപത്രി വിട്ട സ്കൂള്‍ അധികൃതർ പിന്നീട് തിരിഞ്ഞ് നോക്കിയില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. വലതു കൈക്ക് ഗുരുതര പരിക്കേറ്റ വിദ്യാർഥിയെ പിന്നീട് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

വലതുകൈ ഒടിഞ്ഞതിനെതുടർന്ന് മെഡിക്കൽ കോളജില്‍ ശസ്ത്രക്രിയ നടത്തി. ചികിത്സയിലായിരുന്ന പത്ത് ദിവസത്തിനിടെ സ്കൂൾ അധികൃതർ വിവരങ്ങൾ അന്വേഷിച്ചില്ലെന്നും സഹായം വാഗ്ദാനം ചെയ്തില്ലെന്നും കുടുംബം പറയുന്നു. സ്കൂളിൽ വേണ്ടത്ര സുരക്ഷ ഇല്ലായിരുന്നു എന്ന് പരിക്കേറ്റ വിദ്യാർഥിയും പറയുന്നു.

സ്കൂളിനെതിരെ വിദ്യാർഥിയുടെ പിതാവ് കോഴിക്കോട് ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിക്കും ശിശുക്ഷേമ വകുപ്പിനും പരാതി നൽകാനാണ് തീരുമാനം.എന്നാൽ സ്കൂളിന്റെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും, കുടുംബത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വാദം.

SCROLL FOR NEXT