KERALA

"പാമ്പില്ലെന്ന് ഉറപ്പുവരുത്തണം... എങ്കിലേ ഇനി താമസിക്കാൻ കഴിയൂ, ഭയമാണ്"; ആൽജോയുടെ മാതാപിതാക്കൾ

"ചികിത്സയിൽ കഴിയുന്ന മകനുമായി തിരിച്ചെത്തുമ്പോൾ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്"

Author : ന്യൂസ് ഡെസ്ക്

തൃശൂർ: പാമ്പിൻ്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തിയെങ്കിൽ മാത്രമേ ഇനി ഇവിടെ താമസിക്കാൻ കഴിയുകയുള്ളൂവെന്ന് കോടാലിയിൽ പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ മാതാപിതാക്കൾ. ചികിത്സയിൽ കഴിയുന്ന മകനുമായി തിരിച്ചെത്തുമ്പോൾ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. പാമ്പിൻ്റെ സാന്നിധ്യം ഇവിടെ ജീവിക്കാൻ ഭയപ്പെടുത്തുവെന്നും മാതാപിതാക്കൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയിരുന്നു. ‌ഇന്നലെ അർധരാത്രി പരിശോധന നടത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ അഞ്ചാമത്തെ പാമ്പിനെയാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ മാത്രം രണ്ട് പാമ്പുകളെയാണ് കണ്ടെത്തിയത്. കുട്ടിയെ കടിച്ച ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് അഞ്ച് തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

പിന്നാലെ പ്രദേശത്ത് വനംവകുപ്പും സർപ്പ ടീമംഗങ്ങളും പരിശോധന നടത്തി. ബാത്ത് റൂമിന്റെ തറ പൊളിച്ചാണ് സർപ്പ ടീമംഗങ്ങൾ പരിശോധന നടത്തിയത്. കൂടുതൽ പാമ്പുകൾ ഉണ്ടാകുമെന്ന സംശയത്തിലാണ് തറ പൊളിച്ച് പരിശോധന നടത്തിയത്. എന്നാൽ പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല. അതേസമയം പരിസരത്ത് പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നി​ഗമനം. വീടിന്റെ തറയിലെ ഹോളുകൾ അടയ്ക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി.

ഈ മാസം 19നാണ് എട്ടു വയസുകാരൻ ആൽജോ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ആൽജോയ്‌ക്കൊപ്പം ഉറങ്ങിയിരുന്ന സഹോദരനും പാമ്പ് കടിയേറ്റിരുന്നു. സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബം താമസിച്ചിരുന്ന വീടിനുപിറകിൽ കോടശ്ശേരി മലയാണ്. ഏതാണ്ട് 200-250 മീറ്റർ ദൂരമേ വീടും മലയും തമ്മിലുള്ളൂ. മലയോര ഗ്രാമമായതിനാൽ ഇവിടത്തെ പല വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

SCROLL FOR NEXT