KERALA

ഒത്തുതീർപ്പ് കരാറിൽ ഒപ്പുവച്ച് സർക്കാരും സമരക്കാരും; പാരിയത്തുകാവ്‌ കുടിയൊഴിപ്പിക്കലിൽ ധാരണ

കരാർ ഒപ്പിട്ടത് നാളെ കോടതിയെ അറിയിക്കുമെന്നും മന്ത്രി റോജി എം. ജോൺ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: മലയിടംതുരുത്ത്‌ പാരിയത്തുകാവ്‌ കുടിയൊഴിപ്പിക്കലിൽ ധാരണ. സർക്കാരും സമരക്കാരും ഒത്തുതീർപ്പ് കരാറിൽ ഒപ്പുവച്ചു. കോടതിക്ക് പുറത്ത് ധാരണ ഉണ്ടാക്കാൻ സാധിച്ചത് വലിയ കാര്യമാണെന്നും കരാർ ഒപ്പിട്ടത് നാളെ കോടതിയെ അറിയിക്കുമെന്നും മന്ത്രി റോജി എം. ജോൺ പറഞ്ഞു.

മലയിടംതുരുത്ത്‌ പാരിയത്തുകാവ് നിവാസികൾക്ക് അതേ വസ്തുവിൽ തന്നെ അഞ്ചുസെന്റ് സ്ഥലവും റോഡ് സൗകര്യവും ഉറപ്പാക്കുമെന്ന്‌ മന്ത്രി റോജി എം. ജോൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാർ മുൻകൈയെടുത്ത്‌ ഒരു വർഷത്തിനുള്ളിൽ അവിടെ വീട് വച്ചുനൽകുമെന്നും അതിന് കരാർ ഉണ്ടാക്കുമെന്നും മന്ത്രി പറ‍ഞ്ഞിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഉന്നതിയിലെ കുടുംബാംഗങ്ങളും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

വീടുനിർമാണം പൂർത്തിയാകുന്നതുവരെ ഉന്നതിയിൽ നിലവിലെ വീടുകളിൽത്തന്നെ താമസിക്കാം. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായെടുത്ത കേസുകൾ പിൻവലിക്കാൻ ധാരണയായിട്ടുണ്ട്. ഇരുവിഭാഗങ്ങളും തമ്മിൽ ഒപ്പിടുന്ന കരാർ അഡ്വക്കറ്റ് ജനറൽ മുഖേന 16‌ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ചർച്ചയിലെ തീരുമാനങ്ങളെ സമരസമിതിയും സ്വാഗതം ചെയ്‌തിരുന്നു. പാരിയത്തുകാവിലെ പാവപ്പെട്ട മനുഷ്യർക്ക് അവിടെത്തെന്നെ താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നതായിരുന്നു സമരസമിതിയുടെ ആവശ്യം. കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ ഉന്നതിയിലെ കുടുംബാംഗങ്ങളോടൊപ്പം സമരസമിതി ഉറച്ചുനിന്നു. വാദിഭാഗം തന്നെ പാരിയത്തുകാവിൽ ഈ മനുഷ്യർക്ക് ജീവിക്കുന്നതിന്‌ സംവിധാനം ഒരുക്കാമെന്ന് പറഞ്ഞതിനോട് സഹകരിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞിരുന്നു.

SCROLL FOR NEXT