KERALA

തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസിലെ പ്രതിയുടെ പരോൾ റദ്ദാക്കി; നടപടി കൊല്ലപ്പെട്ട യുവാവിൻ്റെ ഭാര്യക്കെതിരെ വധഭീഷണി മുഴക്കിയതിന്

പരോളിലിറങ്ങി നാലാം ദിവസമാണ് പ്രതിയെ വീണ്ടും ജയിലിലടച്ചത്

Author : ലിൻ്റു ഗീത

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസ് പ്രതി വീണ്ടും ജയിലിൽ. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പരോളിലിറങ്ങി നാലാം ദിവസമാണ് പ്രതിയെ വീണ്ടും ജയിലിലടച്ചത്. പരോളിൽ ഇറങ്ങിയ പ്രതി സുരേഷ്കുമാറാണ് ഭീഷണിപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 20 ദിവസത്തെ പരോളില്‍ 24ന് നാട്ടിലെത്തിയപ്പോഴായിരുന്നു ഭീഷണി. ഹരിതയുടെ പരാതിയില്‍ കുഴല്‍മന്ദം പൊലീസ് കേസെടുക്കുകയും പിന്നാലെ പരോള്‍ റദ്ദാക്കുകയുമായിരുന്നു. 2020 ഡിസംബർ 25നായിരുന്നു തേങ്കുറുശ്ശി ദുരഭിമാനക്കൊല നടന്നത്.

ഇതരജാതിയില്‍പ്പെട്ട ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചതിലെ വൈരാഗ്യത്തില്‍ ഹരിതയുടെ പിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷ് കുമാറും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 110 സാക്ഷികളിൽ 59 പേരെയാണ് കേസില്‍ വിസ്തരിച്ചത്.

2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88ാം നാളിലായിരുന്നു കൊലപാതകം. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീർഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരുടേയും വിവാഹം. പൊലീസിൻ്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പിന് ശ്രമമുണ്ടായി. എന്നാൽ ഇത് നടന്നില്ല. സ്റ്റേഷനിൽ വച്ച് വിവാഹം കഴിഞ്ഞ് 90 ദിവസത്തിന് മുന്‍പ് താലിയറുക്കുമെന്ന് പ്രഭുകുമാര്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ വിവാഹം കഴിഞ്ഞ് 88ാം ദിവസമാണ് അച്ഛനും അമ്മാവൻ സുരേഷും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയത്. ഇരുവര്‍ക്കും പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ വിധിയില്‍ അനീഷിന്റെ കുടുംബം തൃപ്തരായിരുന്നില്ല.

SCROLL FOR NEXT