Source: News Malayalam 24x7
KERALA

മുകുന്ദനുമായി പാർട്ടിക്ക് ശത്രുതയില്ല, സ്നേഹിച്ച പാർട്ടിയെ അദ്ദേഹം തള്ളിപ്പറയില്ല: ബിനോയ് വിശ്വം

നാട്ടിക സീറ്റിനെ ചൊല്ലി ഇടഞ്ഞ സി.സി. മുകുന്ദനോട് സമവായ സ്വരത്തിൽ സിപിഐ നേതൃത്വം...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നാട്ടിക സീറ്റിനെ ചൊല്ലി ഇടഞ്ഞ സി.സി. മുകുന്ദനോട് സമവായ സ്വരത്തിൽ സിപിഐ നേതൃത്വം. മുകുന്ദനുമായി പാർട്ടിക്ക് ശത്രുതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സ്നേഹിച്ച പാർട്ടിയെ മുകുന്ദൻ തള്ളിപ്പറയില്ല, മുകുന്ദനുമായി ചർച്ച നടത്തി വിഷമങ്ങൾ പരിഹരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐയെ പ്രതിരോധത്തിലാക്കി ഗുരുതരമായ ആരോപണങ്ങളാണ് സി.സി. മുകുന്ദൻ ഉന്നയിച്ചത്. നാട്ടിക പേയ്മെൻ്റ് സീറ്റാണെന്ന് മുകുന്ദൻ ആരോപിച്ചു. ഒരു ടേം മാത്രം പൂർത്തീകരിച്ച തന്നെ ഒഴിവാക്കിയതിൽ അമർഷം ഉണ്ടെന്ന് സി.സി. മുകുന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന തരത്തിലും വാർത്തകൾ പുറത്തുവന്നിരുന്നു. പാർട്ടിയിൽ അതൃപ്തി പരസ്യമാക്കിയ മുകുന്ദനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാം എന്ന തീരുമാനം നേതൃത്വം അറിയിച്ചു. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും സി.സി. മുകുന്ദനുമായി ബന്ധപ്പെട്ടിരുന്നു.

നാട്ടികയിൽ സിപിഐ സ്ഥാനാർഥിയായി ഗീതാ ഗോപിയെ പരിഗണിക്കുന്നതിൽ സി.സി. മുകുന്ദൻ എംഎൽഎ അതൃപ്തി അറിയിച്ചിരുന്നു. ഒരു ടേം മാത്രം പൂർത്തീകരിച്ച തന്നെ ഒഴിവാക്കിയതിലും, സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിജിലൻസ് കേസ് ഉള്ളയാളെ വീണ്ടും പരിഗണിച്ചതിനാലുമാണ് അതൃപ്തി അറിയിച്ചത്. ഗീത ഗോപി ഒഴികെ ആരെയും മണ്ഡലത്തിൽ സ്ഥാനാർഥി ആക്കിയാൽ അംഗീകരിക്കുമെന്നും, അവരുടെ ഭാഗത്ത് വീഴ്ചയുള്ളതുകൊണ്ടാണ് തന്നെ പകരം സ്ഥാനാർഥിയാക്കിയതെന്നും മുകുന്ദൻ പറഞ്ഞിരുന്നു. എംഎൽഎ എന്ന നിലയിൽ താൻ മികച്ച പ്രകടനങ്ങളാണ് മണ്ഡലത്തിൽ കാഴ്ചവച്ചത്. അത് സ്ഥാനാർഥി നിർണയത്തിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT